രാജ്യവ്യാപക കർഷക പ്രക്ഷോഭം 27 മുതൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 27 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ ആഹ്വാനം. വിളകൾക്ക് നാമമാത്രമായി താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് കത്തിക്കും. വിളകൾക്ക് സ്വാമിനാഥൻ കമീഷൻ നിർദേശപ്രകാരമുള്ള താങ്ങുവില ഏർപ്പെടുത്തണം.
നിർദേശം നടപ്പാക്കത്തതുമൂലം 2016–2025- കാലയളവിൽ രാജ്യത്തെ കർഷകർക്ക് 27 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. വളം വിലവർധനയ്‌ക്കെതിരെയും വിത്തുബില്ലിനെതിരെയും എസ്‌കെഎം പ്രതിഷേധം ഉയർത്തും. വരുദിവസങ്ങളിൽ വിവിധ രീതിയിൽ പ്രതിഷേധങ്ങൾ തുടരും.
ഐതിഹാസിക പ്രക്ഷോഭം വീണ്ടും
ബിജെപി സർക്കാർ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾ വീണ്ടും ശക്തമാക്കുകയാണ്. തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യൽ, വിബിജിആർഎഎംജി നടപ്പാക്കൽ, രാസവളത്തിന്റെ വിലവർധന എന്നിവ ഉദാഹരണങ്ങൾ. ഇൗ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് രാജ്യത്തെ കർഷകർ തയ്യാറാവണം. അഞ്ചുവർഷം മുൻപുണ്ടായ ഐതിഹാസിക കർഷക പ്രക്ഷോഭത്തിന് സമാനമായ രീതിയിൽ പ്രതിഷേധിക്കാനാണ് എസ്‌കെഎം ആലോചിക്കുന്നത്. ഇതടക്കം ചർച്ച ചെയ്യുന്നതിനായും അന്തിമ രൂപം നൽകുന്നതിനായും എസ്‌കെഎം ജൂൺ 17ന് ദേശീയ കൗൺസിൽ യോഗം ചേരും. ജൂലൈ 28ന് ഡൽഹിയിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും എസ്‌കെഎം നേതാക്കൾ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി കൃഷ്‌ണപ്രസാദ്, ജോഗീന്ദർ ഉഗ്രഹാൻ, ദർശൻ പാൽ, രാജൻ ക്ഷീർസാഗർ, സത്യവാൻ, പ്രേംസിങ് ഗലാവത്ത് എന്നിവർ പങ്കെടുത്തു.










0 comments