print edition മെന്റർ ടീച്ചർമാരുടെ സേവനം നിർത്തലാക്കി; ഉന്നതി കുട്ടികൾക്ക് ക്ലാസ് നിലച്ചു

അഗളി: സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ് സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസ് നിലച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്.
ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്‌ക്കുമെന്ന് എകെഎസ് ജില്ലാ സെക്രട്ടറി എം രാജൻ പറഞ്ഞു.










0 comments