print edition കോർപറേറ്റ് നയങ്ങളിൽനിന്ന് പിൻമാറുക: സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ആവശ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ജനപ്രതിനിധികളെ രേഖാമൂലം നിവേദനത്തിലൂടെ അറിയിച്ച് സംയുക്ത കിസാൻ മോർച്ച. ഇൗ മാസം 25 വരെ രാജ്യത്തെ ജനപ്രതിനിധികൾക്ക് കർഷകർ നിവേദനം കൈമാറും. വാഹനജാഥകളും സംഘടിപ്പിക്കും.
2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന്റെ പേരിൽ മോദി സർക്കാർ നടപ്പാക്കുന്ന കോർപറേറ്റ് നയങ്ങളെ നിവേദനത്തിൽ തുറന്നെതിർക്കുന്നു. കോർപറേറ്റ് നയം തിരുത്തി കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനും എല്ലാവർക്കും തൊഴിലും വരുമാനവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനും പ്രധാനമന്ത്രിയിലും മുഖ്യമന്ത്രിമാരിലും സമ്മർദം ചെലുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വർഷങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയാണെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് കടക്കുക മാത്രമാണ് ഇന്ത്യൻ കർഷകർക്ക് മുന്നിലുള്ള ഏക വഴി. ഐതിഹാസിക കർഷക സമരത്തിന്റെ ആറാം വാർഷിക ദിനമായ നവംബർ 26 മുതൽ പ്രക്ഷോഭം ആരംഭിക്കും.
കാർഷിക പ്രതിസന്ധി വ്യവസായിക മേഖലയെയും ബാധിക്കുന്നുണ്ട്. തൊഴിലാളികൾക്കും കർഷകർക്കും ന്യായമായ വിലയും കൂലിയും നിഷേധിച്ച് നടത്തുന്ന ക്രൂരമായ ചൂഷണമാണ് വ്യവസായിക തകർച്ചയ്‌ക്കും ജനങ്ങളുടെ വാങ്ങൽശേഷി കുറയുന്നതിനും പ്രധാന കാരണം.
സെസും സർചാർജും ചുമത്തി നിലവിൽ കേന്ദ്ര സർക്കാർ 31 ശതമാനം നികുതി വിഹിതമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇത് 50 ശതമാനമാക്കി ഉയർത്തണം. മുഴുവൻ സ്വതന്ത്ര വ്യാപാര കരാറും പിൻവലിക്കുക, വിളകൾക്ക് താങ്ങുവില നൽകുക, കർഷക–തൊഴിലാളി കടം എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുക, നാല് തൊഴിൽകോഡും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിച്ച് കൂലി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ കർഷകർ പ്രധാനമായും ഉന്നയിക്കുന്നത്.










0 comments