ഇന്ത്യ–അമേരിക്ക വ്യാപാര കരാര്‍ ചതി; വാണിജ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കർഷകസംഘടനകൾ

ഇന്ത്യ–അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തെത്തിയതോടെ ആശങ്കയുമായി കര്‍ഷകര്‍. പൂര്‍ണമായും യു എസ് താത്പര്യങ്ങൾക്ക് വഴങ്ങുന്ന കരാര്‍ വ്യവസ്ഥകൾ പുറത്തായതോടെ പ്രതിഷേധം കനത്തു. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നിബന്ധനകൾ വിശദീകരിച്ചതിന് പിന്നാലെ,സംയുക്ത കിസാൻ മോർച്ച(SKM) അദ്ദേഹത്തിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
ഈ കരാർ അമേരിക്കൻ കാർഷിക മേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് മുൻപിൽ ഇന്ത്യ പൂർണമായി കീഴടങ്ങുന്നതാണെന്ന് കര്‍ഷ നേതാക്കൾ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
പരുത്തി ഇറക്കുമതിയിൽ ഇളവ് നൽകുന്നതിലൂടെ ജമ്മു-കശ്മീർ,ഹിമാചൽ പ്രദേശ്,മഹാരാഷ്ട്ര,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ഗുരുതര പ്രതിസന്ധിയിലാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കരാറിന്റെ സംയുക്ത പ്രസ്താവനയിൽ ഡ്രൈഡ് ഡിസ്റ്റില്ലേഴ്‌സ് ഗ്രെയിൻസ്(DDGs),മൃഗാഹാരത്തിനുള്ള ചുവന്ന സോർഗം,ട്രീ നട്ട്സ്,പുതിയതും പ്രോസസ്സ് ചെയ്തതുമായ പഴങ്ങൾ,സോയാബീൻ എണ്ണ,വൈൻ,മദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനെ ശക്തമായി വിമർശിച്ചു.ഇവയുടെ വിപണി പൂർണമായും അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലാകുമെന്ന് അവർ ചൂണ്ടികാട്ടി.
കൃഷിയും ഡയറി മേഖലയും കരാറിന് പുറത്താണെന്ന് മന്ത്രി പറഞ്ഞത് വഞ്ചനയാണ്. യു.കെ,ന്യൂസിലാൻഡ്,യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഒപ്പുവച്ച എഫ്ടിഎകളിൽ ഡയറി ഉൽപ്പന്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് മറച്ചു വെക്കുകയാണ് ചെയ്തത്. കർഷകരെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് വാണിജ്യ മന്ത്രിയുടേതെന്ന് ആരോപിച്ച നേതാക്കൾ അദ്ദേഹത്തെ “ദ്രോഹി” എന്നു വിശേഷിപ്പിച്ചു.
ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറണമെന്നും,അല്ലാത്തപക്ഷം രാജ്യമൊട്ടാകെ ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ കാര്‍ഷിക മേഖലയെ
അമേരിക്കൻ കുത്തകൾക്ക് കാഴ്ചവെച്ചു
അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവ 2023–24ൽ മൂന്ന് ശതമാനമായിരുന്നത് ഇപ്പോൾ 18ശതമാനമായി ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ ഇതുവരെ ചുമത്തിയിരുന്ന 30മുതൽ 150ശതമാനം വരെയുള്ള തീരുവകൾ ഇതിന് പകരം പൂജ്യമാക്കി. രാജ്യ താത്പര്യം മുഴുവൻ അടിയറ വെച്ചിരിക്കയാണ്. ഇത് ഇന്ത്യൻ കാര്‍ഷിക മേഖലയെ മുഴുവനായും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളുടെ പിടിയിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.
മൃഗസംരക്ഷണ മേഖല മൃഗാഹാരം ഇറക്കുമതി ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന മന്ത്രിയുടെ വാദവും എസ്കെഎം നിഷേധിച്ചു. “ഒരു കർഷകനും ഇറക്കുമതി ചെയ്ത കന്നുകാലി തീറ്റ ആവശ്യപ്പെട്ടിട്ടില്ല. ചില കോഴി വളർത്തൽ ഗ്രൂപ്പുകൾ മാത്രമാണ് ആവശ്യം ഉന്നയിച്ചത്. അമേരിക്കയിലെ മൃഗാഹാരത്തിൽ മാംസാഹാര ഘടകങ്ങൾ ഉണ്ടാകാമെന്ന ആശങ്കയുമുണ്ട്.നമ്മുടെ പശുക്കൾക്ക് മാംസാഹാരം നൽകാനാണോ സർക്കാർ ആഗ്രഹിക്കുന്നത്?”എന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത് ചോദിച്ചു.
ആർഎസ്എസ് മുൻപ് മാംസാഹാരം നൽകിയ മൃഗങ്ങളുടെ പാലിന് രാജ്യത്ത് ഇറക്കുമതി വിലക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ‘മാസ്റ്റർ’ ഡോണൾഡ് ട്രംപിന്റെ മുന്നിൽ അവർ പൂർണമായി കീഴടങ്ങിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഈ കരാർ കശ്മീരിന്റെയും ഹിമാചൽ പ്രദേശിന്റെയും സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ആപ്പിൾ കർഷക ഫെഡറേഷൻ ഓഫ് ഇന്ത്യ നേതാവും ജമ്മു-കശ്മീരിൽ നിന്നുള്ള സി പി ഐ എം എംഎൽഎയുമായ മുഹമ്മദ് യൂനുസ് തരിഗാമി ചൂണ്ടികാട്ടി. വിപണന സൗകര്യങ്ങളുടെ അഭാവവും കാലാവസ്ഥാ വെല്ലുവിളികളും നേരിടുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയാകും. വ്യവസായ സാധ്യതകളില്ലാത്ത കശ്മീരിൽ ആപ്പിൾ,ഉണക്കഫല കൃഷി ഏക ആശ്രയമായിരുന്നു.ഇത് ഇനി തകര്‍ക്കപ്പെടും.കേന്ദ്ര സർക്കാർ കർഷകരെ അവഗണിച്ച് അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും തരിഗാമി പറഞ്ഞു.
ഇന്ത്യയിലെ പരുത്തി വിളവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. തീരുവ പോലുമില്ലാതെ അമേരിക്കയിൽ നിന്നുള്ള ജനിതക മാറ്റം വരുത്തിയ പരുത്തി ഇറക്കുമതി ചെയ്യാൻ കരാര്‍ വെച്ചിരിക്കുന്നു. കർഷകരുടെ സ്ഥിതി കൂടുതൽ വഷളാക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ പരുത്തി കർഷക നേതാവ് അജിത് നവാലെ ചോദിച്ചു.
ഓസ്‌ട്രേലിയയിൽ നിന്ന് വർഷംതോറും മൂന്ന് ലക്ഷം ബെയിൽസ് തീരുവയില്ലാത്ത പരുത്തി രാജ്യത്ത് എത്തുന്നുണ്ട്.ആഫ്രിക്കയിൽ നിന്ന്5.5ശതമാനം തീരുവയോടെയും എത്തുന്നു. അമേരിക്കൻ പരുത്തി തീരുവയില്ലാതെ എത്തുക കൂടി ചെയ്യുമ്പോൾ ഇവിടത്തെ കര്‍ഷകര്‍ എന്തു ചെയ്യുമെന്ന് കാട്ടൺ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അതുൽ ഗനാത്ര ചോദിച്ചു. നിലവിൽ ബ്രസീലിയൻ പരുത്തിയേക്കാൾ 15ശതമാനം വിലകൂടിയതാണ് ഇന്ത്യൻ പരുത്തി.ഇന്ത്യ–അമേരിക്ക കരാറിൽ പരുത്തി ഇറക്കുമതിയുടെ വിശദാംശങ്ങൾ മറച്ചു വെച്ചിരിക്കയാണ്.










0 comments