print edition ഗോയലിനെ പുറത്താക്കണം , രാഷ്‌ട്രപതിക്ക് കത്തയക്കും : എസ്‌കെഎം

ന്യൂഡൽഹി
അമേരിക്കയ്‌ക്കായി കാർഷിക മേഖല തുറന്നിടുന്ന വ്യാപാര കരാറിനെതിരെ പാർലമെന്റ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന മാർച്ച് ഒൻപതിന് മുൻപായി ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. വ്യാപാര കരാറിൽ ഒപ്പിടരുതെന്ന് പ്രധാനമന്ത്രിയോട് നിർദേശിക്കണമെന്ന് രാഷ്‌ട്രപതിക്ക് തുറന്ന കത്തയക്കണം. ഇന്ത്യൻ കാർഷിക, ക്ഷീര മേഖലകൾ ബഹുരാഷ്‌ട്ര കന്പനികൾക്ക് തുറന്നുകൊടുക്കുന്നതിന് തയ്യാറായ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിനെ പുറത്താക്കണം എന്നും കത്തില്‍ ആവശ്യപ്പെടും.
നെൽ കർഷർക്ക് ബോണസ് നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്ത് പിൻവലിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തയ്യാറാകണം. കത്തിൽ ഒപ്പുവച്ച ചെലവ് വകുപ്പ് സെക്രട്ടറി വി വൂവൽനാം ഐഎഎസിനെ തൽസ്ഥാനത്തുനിന്ന് നീക്കണം. ഇൗ വിഷയങ്ങളിലെല്ലാം കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും 27ന് പ്രതിനിധികൾ കാണുമെന്ന് എസ്‌കെഎം നേതാക്കളായ വിജൂ കൃഷ്ണൻ, ഡോ. സുനിലാം, രാജേന്ദ്ര ക്ഷീർസാഗർ, സത്യവാൻ, പി കൃഷ്ണപ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചട്ടക്കൂട് തയ്യാറാക്കാൻ സംഘം യുഎസിലേക്ക്
ഇന്ത്യ– യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്രസർക്കാർ പ്രതിനിധിസംഘം അമേരിക്കയിലേക്ക്. വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം 28ന് വാഷിങ്ടണ്ണിലേക്ക് തിരിക്കും. വൈറ്റ്‌ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട വിശാലമായ മാർഗരേഖയുണ്ടായിരുന്നു. ഇതിന് നിയമപരമായ ഉറപ്പ് നൽകുന്ന ചട്ടക്കൂട് തയ്യാറാക്കാനാണ് യാത്ര.
ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ഓൺലൈനായി തുടർചർച്ച നടത്തി. മാർച്ചിൽ കരാർ ഒപ്പിടാനാണ് സാധ്യതയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരകരാർ ധാരണയിലെത്തിയതോടെ അമേരിക്ക ചുമത്തിയ 25 ശതമാനം അധികതീരുവ ഇതിനോടകം ഒഴിവായി. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വാണിജ്യസെക്രട്ടറി രാജേഷ്‌അഗർവാൾ അറിയിച്ചു.രാജ്യതാൽപര്യങ്ങൾ ബലികഴിച്ചും അമേരിക്കൻ താൽപര്യങ്ങൾക്ക് പൂർണമായും വിധേയമാകുന്നതാണ് വ്യാപാരകരാർ. കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഇടപെടലും ഉണ്ടായിട്ടില്ല.










0 comments