സ്വകാര്യദൃശ്യങ്ങൾ പകർത്തി, നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; പലചരക്കുകട ഉടമ പിടിയിൽ

അറസ്റ്റിലായ മണികണ്ഠൻ (ചുവന്ന വൃത്തത്തിനുള്ളിൽ)
സേലം: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, അവ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള പരാതിയിൽ സേലം സ്വദേശിയായ 42കാരൻ അറസ്റ്റിൽ. ചിന്നപുത്തൂർ സ്വദേശിയായ എം മണികണ്ഠൻ ആണ് അറസ്റ്റിലായത്. തന്നെയും മറ്റ് നിരവധി സ്ത്രീകളെയും ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തി മണികണ്ഠൻ ഭീഷണിപ്പെടുത്തിയതായി ഇരയായ സ്ത്രീ പരാതിപ്പെട്ടിരുന്നു.
പലചരക്ക് കടയുടമയാണ് മണികണ്ഠൻ. ഇയാളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഇതുവരെ മൂന്ന് സ്ത്രീകളുടെ പത്ത് അശ്ലീല വീഡിയോകൾ പിടിച്ചെടുത്തതായി സേലം സിറ്റി പൊലീസ് കമീഷണർ അനിൽ കുമാർ ഗിരി അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ കാലയളവിനിടയിലാണ് ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കരുതുന്നു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരയായിട്ടുള്ള മറ്റ് സ്ത്രീകൾ ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ട് വന്ന് പരാതി നൽകണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. പരാതി നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനൽകി.
വെള്ളിയാഴ്ച അർധരാത്രിയോടെ അറസ്റ്റ് ചെയ്ത മണികണ്ഠനെ റിമാൻഡ് ചെയ്തു. ലൈംഗിക അതിക്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളും ഐടി ആക്ടിലെ സെക്ഷൻ 66(ഇ) പ്രകാരവും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണികണ്ഠൻ മുൻപും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
മണികണ്ഠന് ടിവികെ പാർടിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ പ്രതിക്ക് പാർടിയുമായി യാതൊരു സംഘടനാപരമായ ബന്ധവുമില്ലെന്നും ഒരു പദവിയും ഇയാൾ വഹിക്കുന്നില്ലെന്നും ടിവികെ സേലം സൗത്ത് ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇരകളായ സ്ത്രീകൾക്ക് നീതി ഉറപ്പാക്കണണമെന്ന് ഡിഎംകെ എംപിയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി കരുണാനിധി പറഞ്ഞു.. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കേസ് സിബി-സിഐഡിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments