'ശമ്പളം വൈകും, അലവൻസുകൾ മറന്നേക്കൂ'; തെലങ്കാനയിലെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ എല്ലാ മാസവും ആദ്യം സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും നിയമസഭയിൽ സമ്മതിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും സ്ഥിതിഗതികൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി ജീവനക്കാരോട് അഭ്യർഥിച്ചു. ജീവനക്കാരുടെ ന്യായമായ ആവശ്യമാണ് ക്ഷാമബത്ത. പക്ഷേ, നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇപ്പോൾ തന്നെ ക്ഷാമബത്ത വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമാണ്. എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടാകുന്നു. ഈ സർക്കാർ നിങ്ങളുടേതാണ്. എല്ലാ കണക്കുകളും നിങ്ങൾക്ക് മുമ്പിൽ ഞാൻ വെളിപ്പെടുത്താം. ഏതൊക്കെ കാര്യങ്ങൾ നടപ്പിലാക്കണമെന്നും എന്ത് നിർത്തിവയ്ക്കണമെന്നും നിങ്ങൾ തീരുമാനിക്കണമെന്നും ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രേവന്ത് റെഡ്ഡി പറഞ്ഞു.
തെലങ്കാന സർക്കാർ ഏഴ് ലക്ഷം കോടി രൂപ കടത്തിലാണെന്ന് ഈയിടെ നടന്ന ഇന്ത്യ ടുഡേ കോണക്ലേവിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രതിമാസം 18,500 കോടി രൂപ വരുമാനം ലഭിക്കുമെങ്കിലും ആവർത്തന ചെലവുകൾക്കായി ഗണ്യമായ തുക നീക്കിവയ്ക്കേണ്ടി വരുന്നു. ശമ്പളവും പെൻഷനുമായി പ്രതിമാസം 6,500 കോടി രൂപ കരുതണം. കടമടയ്ക്കാനും പലിശ ഇനത്തിലായും പ്രതിമാസം 6,500 കോടി രൂപ മാറ്റിവയ്ക്കണം.
അതായത്, എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് 13,000 കോടി രൂപ ചെലവാകും. ക്ഷേമത്തിനും വികസനത്തിനുമായി 5,000 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. അടിസ്ഥാന ആവശ്യങ്ങൾക്ക് പൊലും പണം കണ്ടെത്തേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു.









0 comments