print edition സ്വർണമുകിലേ ..

ചെന്നൈ: തലമുറകളുടെ പ്രണയത്തിലും വിരഹത്തിലും വേദനകളിലും താരാട്ടുകളിലും സ്വരമാധുരിയായ പ്രിയഗായിക എസ് ജാനകി (88) ഇനി ഓർമ. ആറ് പതിറ്റാണ്ടുകാലം മധുരസ്വരംകൊണ്ട് ഹൃദയങ്ങളെ തൊട്ടുണർത്തിയ വാനന്പാടി ഇനി ഗാനങ്ങളിലൂടെ ജീവിക്കും. സംഗീതലോകത്ത് പകരംവയ്ക്കാനില്ലാത്ത സുവർണയുഗത്തിനാണ് അന്ത്യമാകുന്നത്.
ശനി രാത്രി 7.30ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേട്ടുതീരാത്ത പാട്ടുകളുടെ അനുപമ നിധിശേഖരം ബാക്കിയാക്കി വാനമ്പാടി നീലനിലാവിലേക്ക് സ്വർണമുകിലായ് പറന്നകന്നു. കുറച്ചുവർഷമായി മൈസൂരുവിലെ ബൊഗാഡിയിലായിരുന്നു താമസം. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ പൊതുദർശനത്തിനുശേഷം ഞായറാഴ്‌ച കനിയ്യനഹുണ്ടി ഗ്രാമത്തിൽ സംസ്‌കരിക്കും.
നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും വിവിധ സംസ്ഥാനങ്ങളുടെ 33 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 11 തവണ സ്വന്തമാക്കി. തെലുഗു, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, അസാമീസ് തുടങ്ങി ഇരുപതോളം ഭാഷകളിൽ നാൽപ്പത്തെട്ടായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽമാത്രം ആയിരക്കണക്കിന് ഗാനങ്ങൾ. ഇംഗ്ലീഷ്, ജാപ്പനീസ്, ജർമൻ, സിംഹള തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. ‘ഓപ്പോളി’ലെ ഏറ്റുമാനൂരമ്പലത്തിൽ എന്നുതുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് അർഹയാക്കിയത്. 2013ൽ പത്മഭൂഷൺ നിരസിച്ചു.
1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ രേപ്പള്ളി താലൂക്കിലെ പല്ലപട്‌ലയിലാണ് എസ് ജാനകിയുടെ ജനനം. അച്ഛൻ ശിസ്‌തില ശ്രീരാമമൂർത്തി ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്നു. കുട്ടിക്കാലത്ത് ശാസ്‌ത്രീയ സംഗീതത്തിൽ ഒൗദ്യോഗിക പരിശീലനം നേടാനായില്ല. ഒമ്പതാം വയസ്സിൽ ആദ്യമായി വേദിയിലെത്തി. 1956ൽ ആകാശവാണി അഖിലേന്ത്യ സംഗീതമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് വഴിത്തിരിവായി. 19ാം വയസ്സിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണിഗായികയായി. അതേ വർഷം ആറ് ഭാഷകളിൽ പാടി. തെലുഗു ആയിരുന്നു മാതൃഭാഷയെങ്കിലും തമിഴും മലയാളവും കന്നടയും ഹിന്ദിയുമെല്ലാം ഒരുപോലെ ശ്രുതിമധുരമാക്കി.
മൈസൂരു സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്, തമിഴനാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തി തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2016ൽ പിന്നണിഗാന രംഗത്തുനിന്നും പൊതുവേദികളിൽനിന്നും ഒൗദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചു. 2017 ഒക്‌ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു അവസാന സംഗീത പരിപാടി. ഭർത്താവ്: പരേതനായ വി രാംപ്രസാദ്. ഏക മകൻ മുരളികൃഷ്‌ണ ജനുവരിയിലാണ് അന്തരിച്ചത്.











0 comments