റഷ്യൻ എണ്ണയിലെ '40 ബില്യൺ ലാഭം' എങ്ങോട്ട് പോയി? വിലക്കയറ്റത്തിന് മറയിടാൻ നഷ്ടകണക്കുകൾ

മോസ്കോ: റഷ്യൻ എണ്ണയ്ക്ക് മേൽ ചുമത്തിയ ഉപരോധം ഇന്ത്യയ്ക്കും ചൈനയ്ക്കും വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തതെന്ന് റിപ്പോര്‍ട്. സെന്റ് പീറ്റേഴ്സ്ബർഗ് സാമ്പത്തിക ഫോറത്തിൽ നിന്ന് പുറത്തെത്തിയ വാർത്തകളിലാണ് ലാഭ കണക്കുകൾ. പാശ്ചാത്യ ഉപരോധങ്ങൾ മറികടന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയതിലൂടെ ഇരു രാജ്യങ്ങൾക്കും ലഭിച്ച സഞ്ചിത ലാഭം 40 ബില്യൺ ഡോളറിലധികം അതായത് ഏകദേശം 3.3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുമെന്ന് റഷ്യൻ എണ്ണക്കമ്പനിയായ 'റോസ്നെഫ്റ്റ്' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഈഗോർ സെച്ചിൻ ചൂണ്ടികാട്ടി.
സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കവേയാണ് സെച്ചിൻ ഈ കണക്കുകൾ നിരത്തിയത്. റഷ്യയെ ആഗോള സപ്ലൈ ചെയിനിൽ നിന്ന് മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്ന തന്റെ വാദത്തിന് തെളിവായാണ് കണക്കുകൾ പുറത്തു വിട്ടത്. റഷ്യൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വിഹിതം വെറും 2 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നിരിക്കയാണ്.

വില കുറച്ച് എണ്ണ ലഭിക്കുക വഴി ഇത്രയും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുമ്പോഴും ഇന്ത്യയിൽ അവ സാധാരണ ജനങ്ങളിലേക്ക് എത്താതെ വഴി മാറ്റപ്പെടുന്നു. ഈ ലാഭം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പാളിച്ചകളുടെയും വീഴ്ചകളുടെയും വിടവുകൾ നികത്താൻ ഉപയോഗിക്കപ്പെടുകയാണ്. ഘട്ടങ്ങളായി പാചക വാതകത്തിനും പെട്രോൾ ഡീസൽ ഉൾപ്പെടെ ഇന്ധനത്തിനും രാസവളങ്ങൾക്കും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കുകൾ ഉദ്ധരിച്ചാണ് റോസ്നെഫ്റ്റ് മേധാവി ഈഗോർ സെച്ചിൻ, ഇന്ത്യയും ചൈനയും യുദ്ധത്തിനിടെയിലെ പ്രതിസന്ധിയിൽ സ്വന്തമാക്കിയ യഥാര്‍ത്ഥ ലാഭത്തെ കുറിച്ച് സംസാരിച്ചത്.
പ്രശംസ
വ്യവസായ നയതന്ത്രം
ഇന്ത്യയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്ത് എത്തിയിരുന്നു. യാഥാര്‍ത്ഥത്തിൽ എണ്ണ ഉപഭോഗത്തിൽ ഇന്ത്യ വലിയ കുതിപ്പിലാണ്. ലോകത്തിലെ തന്നെ വലിയ വിപണിയാണ്. 2035-ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം ഏകദേശം 80 ലക്ഷം ബാരലായി ഉയരും. ഇത് നിലവിലുള്ളതിനേക്കാൾ 44 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ ആഗോളതലത്തിലെ മൊത്തം എണ്ണ ആവശ്യകതയിലെ വർദ്ധനവ് വെറും 5 ശതമാനം മാത്രമായിരിക്കും. ഇതാണ് ഇന്ത്യ എണ്ണ ഉത്പാദക രാജ്യങ്ങൾക്ക് പ്രശംസനീയമായ ഇടമായി മാറുന്നത്. ജൂൺ 3 മുതൽ 6 വരെ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആഗോള സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ വളരുന്ന പ്രാധാന്യവും രാജ്യവുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ആവശ്യതകയും ആവര്‍ത്തിച്ചു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ അമേരിക്ക പൂർണ്ണമായി എതിർക്കാത്തതിന് പിന്നിലും ഈ വിപണി രഹസ്യമുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ അന്താരാഷ്ട്ര വിപണിയിൽ ഡിമാന്റ് ഇരട്ടിക്കും. എണ്ണവില കുതിച്ചുയരുകയും അത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
വിലകുറച്ച് നൽകിയിട്ടും
റഷ്യയെ സംബന്ധിച്ച് പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് ഇന്ത്യയുടെയും ചൈനയുടെയും വിപണി. എന്നാൽ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് മേൽ വൻതോതിൽ എക്സൈസ് ഡ്യൂട്ടിയും മറ്റ് നികുതികളും ചുമത്തി കേന്ദ്ര സർക്കാർ ഖജനാവിലെ വിടവ് നികത്തുകയാണ് ചെയ്തത്. ജനങ്ങൾക്ക് വിലക്കുറവിന്റെ ആനുകൂല്യം നൽകുന്നതിന് പകരം ധനക്കമ്മി നികത്താനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ തുക ഉപയോഗിച്ചു.
മാത്രമല്ല, റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ശുദ്ധീകരിച്ച്, അത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിപണി വിലയ്ക്ക് മറിച്ചുവിറ്റ് വൻ ലാഭമുണ്ടാക്കിയത് ഇന്ത്യയിലെ സ്വകാര്യ റിഫൈനറികളാണ്. കോർപ്പറേറ്റുകളുടെ ഈ കൊള്ളലാഭം സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നതായി മാറി.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയതിലൂടെ ഇന്ത്യയ്ക്ക് വൻ ലാഭമുണ്ടായി എന്നത് വസ്തുതയാണ്. പൊതുമേഖലാ എണ്ണക്കമ്പനികളും റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ റിഫൈനറികളുംവലിയ തോതിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. പക്ഷേ, "ആ ലാഭം എവിടെപ്പോയി? എന്തുകൊണ്ട് സാധാരണക്കാരന് പെട്രോൾ/ഡീസൽ വില കുറഞ്ഞില്ല?" എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ 'തന്ത്രപ്രധാന വിജയം' നേടി എന്ന് അവകാശപ്പെടുമ്പോഴും, അതിന്റെ യഥാർത്ഥ നേട്ടം ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നില്ല. വളം പ്രതിസന്ധി കർഷകരെയും, ഉയർന്ന എണ്ണവില സാധാരണക്കാരെയും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നു. ഇന്ധന ലാഭം കോർപ്പറേറ്റുകളിലേക്കും സർക്കാരിലേക്കും മാത്രം ഒതുങ്ങുകയും, സാധാരണക്കാരൻ ഉയർന്ന എണ്ണവിലയിൽ വലയുകയും ചെയ്യുന്നു.










0 comments