ഭരണഘടന അട്ടിമറിക്കാൻ നീക്കം
മതനിരപേക്ഷത വെട്ടാന്‍ ആര്‍എസ്എസ് ; സോഷ്യലിസവും വേണ്ട

ന്യൂഡൽഹി
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ സോഷ്യലിസം, മതനിരപേക്ഷത എന്നീ തത്വങ്ങളോടുള്ള വിദ്വേഷം വീണ്ടും പരസ്യമാക്കി ആർഎസ്‌എസ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഇവ രണ്ടും നീക്കണമെന്ന് ആർഎസ്‌എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആഹ്വാനം.
‘മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തതാണ്. ആമുഖം രാഷ്‌ട്രത്തെ സംബന്ധിച്ച് ശാശ്വതമാണ്. എന്നാൽ സോഷ്യലിസത്തിന്റെ വീക്ഷണങ്ങളും മൂല്യങ്ങളും പ്രത്യയശാസ്‌ത്രപരമായി ശാശ്വതമാണോ. മതനിരപേക്ഷ ആശയങ്ങൾ ഭരണത്തിന്റെയും രാഷ്‌ട്രനയത്തിന്റെയും ഭാഗമായിരുന്നിരിക്കാം. ഈ രണ്ട് വാക്കുകൾ ആമുഖത്തിൽ തുടരേണ്ടതുണ്ടോ എന്ന് പുനഃപരിശോധിക്കണം. പൗരാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പാർലമെന്റും ജുഡീഷ്യറിയും തളരുകയും ചെയ്‌ത ഘട്ടത്തിലാണ് ഈ വാക്കുകൾ ഉൾപ്പെടുത്തിയത്. അടിയന്തരാവസ്ഥയിലെ ക്രൂരകൃത്യങ്ങൾക്ക് കോൺഗ്രസ് മാപ്പുപറയണം’–-ഹൊസബലെ പറഞ്ഞു.
ആർഎസ്‌എസ് ആദ്യമായല്ല സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയില്‍നിന്ന് നീക്കാൻ ആവശ്യപ്പെടുന്നത്. രാജ്യത്ത് പരമോന്നതം ഭരണഘടനയാണെന്നും അതിന്റെ അടിസ്ഥാനഘടനയിൽ മാറ്റം കൊണ്ടുവരാൻ പാർലമെന്റിനാകില്ലന്നും ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നീക്കാനാകില്ല
കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് മതനിരപേക്ഷത, സോഷ്യലിസം എന്നിവ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് വിധിച്ചു. അടിസ്ഥാനഘടനയിൽ പാർലമെന്റിന് ഒരു കാലത്തും മാറ്റംകൊണ്ടുവരാനാകില്ല. മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകൾ നീക്കണമെന്നാവശ്യപ്പെട്ട് 2024ൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. ഈ വാക്കുകൾ നീക്കി ഭരണഘടനാഭേദഗതി കൊണ്ടുവന്നാലും അടിസ്ഥാനഘടനാ സിദ്ധാന്തം മുൻനിർത്തി അത് റദ്ദാക്കപ്പെടും.
ചെറുക്കും: സിപിഐ എം
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കണമെന്ന ആർഎസ്‌എസ് ജനറൽ സെക്രട്ടറിയുടെ നിർദേശം അപലപനീയമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പറഞ്ഞു. ഭരണഘടന അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കുകയെന്ന ആർഎസ്‌എസിന്റെ ലക്ഷ്യമാണ് പുറത്തുവന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന വിവിധ ധാരകളിലുള്ള അസംഖ്യം പോരാളികളുടെ അഭിലാഷങ്ങളുടെ സാക്ഷാൽക്കാരമാണ് ഭരണഘടന. ആമുഖത്തിൽ സോഷ്യലിസവും മതനിരപേക്ഷതയും ഏകപക്ഷീയമായി കൂട്ടിച്ചേർത്തതല്ല. സ്വാതന്ത്ര്യത്തിനായി ജീവത്യാഗംചെയ്‌ത ഭഗത് സിങ്ങിനെപ്പോലുള്ള പോരാളികൾ ഉയർത്തിപിടിച്ച മൂല്യങ്ങളുടെ പ്രതിഫലനമാണവ.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആർഎസ്‌എസ് ഇപ്പോൾ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ നീക്കണമെന്ന് വാദിക്കുന്നത് കാപട്യമാണ്. സ്വാതന്ത്ര്യസമര പോരാളികൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങളോട് ആർഎസ്‌എസ് കാട്ടുന്ന അസഹിഷ്‌ണുത അവരുടെ പിന്തിരിപ്പനും ജനവിരുദ്ധവും വിഭാഗീയവമായ പ്രത്യയശാസ്‌ത്രത്തിന്റെ പ്രകടനമാണ്. ഭരണഘടനയിൽ ഉൾച്ചേർത്ത അടിസ്ഥാനമൂല്യങ്ങൾ മാറ്റാനുള്ള നീക്കത്തെ സിപിഐ എം ശക്തമായി ചെറുക്കും. ആർഎസ്‌എസും അതിന്റെ സൃഷ്‌ടിയായ ബിജെപിയും നടത്തുന്ന നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം–-പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ആർഎസ്‌എസ് നീക്കം ശക്തമായി നേരിടും: എം എ ബേബി
ഇന്ത്യയുടെ കാതലായ ആശയങ്ങളെ ആര്‍എസ്എസ് നേരിട്ട് കടന്നാക്രമിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടി എം എ ബേബി പറഞ്ഞു. ഭരണഘടനയ്‌ക്കുപകരം മനുസ്‌മൃതിയെ ആർഎസ്‌എസ് അവരോധിക്കാൻ ശ്രമിക്കുന്നു.
ജനാധിപത്യ റിപ്പബ്ലിക്കിനെ വിഭജിക്കുന്ന അജൻഡകളെ പാർടി അതിശക്തമായി നേരിടും–- ബേബി പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളി : മുഖ്യമന്ത്രി
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പ്രസ്‌താവന ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരത്തെ പിന്നിൽനിന്ന് കുത്തിയ ആർഎസ്എസിന് റിപ്പബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഭരണഘടനയ്‌ക്കു പകരം മനുസ്‌മൃതി ഉയർത്തിപ്പിടിക്കുന്നവർക്ക് ദഹിക്കുന്ന സങ്കൽപ്പങ്ങളല്ല ഇന്ത്യൻ ഭരണഘടനയും അതിന്റെ അടിസ്ഥാനതത്വങ്ങളും.
അടിയന്തരാവസ്ഥയ് ക്കെതിരെയുള്ള വിമർശമെന്ന വ്യാജേന ഭരണഘടനയുടെ ആമുഖത്തിൽ കൈവയ്‌ക്കാൻ ആവശ്യപ്പെടുന്നത് സംഘപരിവാർ അജൻഡയുടെ ഒളിച്ചുകടത്തലാണ്. ഇന്ദിരയുടെ രാജ്യത്തോടുള്ള അഭിസംബോധനയെയും ഇരുപതിന പരിപാടിയെയും സ്വാഗതം ചെയ്‌തവരുടെ അടിയന്തരാവസ്ഥാ വിമർശം അപഹാസ്യമാണ്. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടത് മനുസ്‌മൃതിയിൽനിന്നല്ല. ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് ആർഎസ്എസ് ഓർക്കുന്നത് നന്ന് –-മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മുഖംമൂടി അഴിഞ്ഞുവീണു : രാഹുൽ ഗാന്ധി
ആർഎസ്‌എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സമത്വം, നീതി, മതനിരപേക്ഷത എന്നീ മൂല്യങ്ങൾ അവരെ നോവിക്കുന്നു–രാഹുൽ പറഞ്ഞു. ജാതിവെറിയും വെറുപ്പും നിറഞ്ഞ ഏറ്റവും വലിയ സംഘടനയാണ് ആർഎസ്‌എസ്സെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു.









0 comments