print edition ആർഎസ്എസിനെ വിമർശിച്ചയാൾ കരുതൽ തടങ്കലിൽ

ജയ്‌പുർ: രാജസ്ഥാനിൽ ആർഎസ്‌എസിനെ വിമർശിച്ച യുവാവിനെ കരുതൽതടങ്കലിലാക്കി പൊലീസ്. ആർഎസ്എസ് ശാഖയുടെ പരിശീലനരീതികളെ വിമർശിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച ഝുൻഝുനു ജില്ലയിലെ നവീൻ ചൗധരി(25)യെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രാജസ്ഥാനിലെ ബിജെപി സർക്കാരിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. ‘ഝുൻഝുനു എക്സ്പ്രസ്' ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പ്രാദേശിക വിഷയങ്ങൾ പങ്കുവയ്ക്കുന്നയാളാണ് നവീൻ.
‘ഒരു വശത്ത് കുട്ടികൾ കായിക പരിശീലനം നടത്തുന്നു. എന്നാൽ മറുവശത്ത് ആർഎസ്എസ് ശാഖയിൽ വിദ്വേഷം വിതയ്ക്കുന്ന പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. ഇത് രാജ്യത്തിന്റെ ഭാവിക്ക് ദോഷമാണ്’– എന്നാണ് വീഡിയോയിൽ പറഞ്ഞത്. വീഡിയോ പങ്കുവച്ച് പിറ്റേന്ന് അതിരാവിലെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. ‘തീവ്രവാദിയെയെന്നപോലെ വാഹനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. സ്റ്റേഷനിൽ അധിക്ഷേപകരമായ പെരുമാറ്റം നേരിടേണ്ടി വന്നു’– നവീൻ പറഞ്ഞു.











0 comments