'രാജസ്ഥാനിൽ നിന്ന് പിബിയിലെത്തിയ ആദ്യ നേതാവ്'; സീക്കറിൽ അമ്രാറാം എംപിക്ക് സ്വീകരണം


സ്വന്തം ലേഖകൻ
Published on Apr 10, 2025, 07:06 PM | 1 min read
ന്യൂഡൽഹി: സിപിഐ എം പൊളിറ്റ്‌ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമ്രാറാം എംപിക്ക് സ്വീകരണം. സീക്കർ ജില്ലാക്കമ്മിറ്റി ഓഫീസിലെത്തിയ അമ്രാറാമിനെ തലപ്പാവ് അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സഖാക്കൾ സ്വീകരിച്ചു. മുതിർന്ന നേതാവ് മംഗൾസിങ് മണ്ടോത്തയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി കിഷൻ പരീഖിനെയും ആദരിച്ചു.
ഈ മാസം രണ്ട് മുതൽ ആറ് വരെ മധുരയിൽ നടന്ന സിപിഐ എം പാർടി കോൺഗ്രസിലാണ് അമ്രാറാം പൊളിറ്റ്‌ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിൽ നിന്നുള്ള ഒരു നേതാവ് പാർടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പിബിയിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പേമാറാം പറഞ്ഞു. രാജസ്ഥാനിലെയും സീക്കറിലെയും പാർടിക്കാർക്കും സാധാരണക്കാർക്കും വളരെ ആഹ്ലാദകരമായ മുഹൂർത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ഐതിഹാസികമായ കർഷകപ്രക്ഷോഭത്തിന് പാർടി നൽകിയ അംഗീകാരമായാണ് പിബിയിലേക്കുള്ള തന്റെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്ന് അമ്രാറാം മറുപടിപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. വർദ്ധിച്ച വൈദ്യുതി നിരക്ക് പിൻവലിപ്പിക്കാനും ജലസേചനം കാര്യക്ഷമമാക്കാനും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനും വേണ്ടി നടത്തിയ വലിയ പ്രക്ഷോഭങ്ങളെ പാർടി അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജസ്ഥാനിൽ പാർടിയെ കൂടുതൽ ശക്തിപ്പെടുത്താനായി 14 ഇന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്ന് കിഷൻപരീഖ് മറുപടി പ്രസംഗത്തിൽ അറിയിച്ചു. നവഫാസിസത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി നേതാക്കളും പ്രവർത്തകരും സ്വീകരണയോഗത്തിൽ പങ്കെടുത്തു.










0 comments