രോഹിത് ഷെട്ടിയുടെ വീടിന് നേരെയുള്ള വെടിവെപ്പ്: 7.62 എംഎം ബുള്ളറ്റുകൾ, സ്കൂട്ടർ എത്തിക്കാൻ ക്വട്ടേഷൻ

മുംബൈ: പ്രശസ്ത സിനിമാ സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് നേരെയുണ്ടായ വെടിവെപ്പിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഉപയോഗിച്ചത് അതീവ പ്രഹരശേഷിയുള്ള 7.62 എംഎം ബുള്ളറ്റുകളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഗാംഗ് ഏറ്റെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്വപ്നിൽ സകത്, സിദ്ധാർത്ഥ് യെൻപുരെ, സമർത്ഥ് പോമാജി, ആദിത്യ ഗെയ്‌കി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങളായ ശുഭം ലോങ്കർ ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
വെടിയുതിർക്കാൻ അത്യാധുനികമായ നാടൻ തോക്കാണ് ഉപയോഗിച്ചതെന്നാണ് സൂചന. ഷെട്ടിയുടെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു. ഉയർന്ന വേഗതയും തുളച്ചുകയറാൻ ശേഷിയുമുള്ള 7.62 എംഎം ബുള്ളറ്റുകൾ അതീവ അപകടകാരികളാണ്. ഇതിന്റെ ഫോറൻസിക് റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.
ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ പൂനെയിൽ നിന്ന് മുംബൈയിൽ എത്തിക്കാൻ പ്രതികൾക്ക് 10,000 രൂപ പ്രതിഫലം നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ബാബ സിദ്ധിഖി വധക്കേസിലെ പ്രതിയായ ശുഭം ലോങ്കറാണ് ഈ നീക്കങ്ങൾക്ക് പിന്നിലെ സൂത്രധാരൻ.
വെടിവെപ്പിന് പിന്നാലെ രോഹിത് ഷെട്ടിയുടെ സുരക്ഷ പൊലീസ് കർശനമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിക്കും വ്യക്തിഗത സുരക്ഷയ്ക്കുമായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
വെടിവെപ്പിന് ശേഷം ഷൂട്ടർമാരിൽ ഒരാൾ വൈൽ പാർലെ റെയിൽവേ സ്റ്റേഷൻ വരെ ഓട്ടോയിലാണ് പോയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഷ്ണോയ് ഗാംഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള ഭീഷണികളും പൊലീസ് നിരീക്ഷിച്ചു വരികയാണ്.










0 comments