രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പ്; കുറ്റപത്രം സമർപ്പിച്ചു: ലോങ്കറും അർസു ബിഷ്‌ണോയിയും പ്രതികൾ

മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു നേരെ വെടിവയ്പുണ്ടായ കേസിൽ മുംബൈ പൊലീസ് വ്യാഴാഴ്ച പ്രത്യേക മക്കോക്ക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 17 പ്രതികൾക്കെതിരെ 1624 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ശുഭം ലോങ്കർ, അർസു ബിഷ്‌ണോയി എന്നിവരാണ് മുഖ്യപ്രതികൾ. ഫെബ്രുവരി 1 ന് പുലർച്ചെ 12.45നാണ് ഷെട്ടിയുടെ ജുഹു പ്രദേശത്തെ ഒമ്പത് നില വീടിനു നേരെ വെടിവയ്പുണ്ടായത്. അഞ്ച് റൗണ്ടോളം അക്രമികൾ വെടിയുതിർത്തു.
കേസിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ലോങ്കറും അർസു ബിഷ്‌ണോയിയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതക കേസിലും നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീട്ടിൽ നടന്ന വെടിവയ്പ്പിലും പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് ലോങ്കർ. പ്രതികൾ ലോങ്കറിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്നതായും വെടിവയ്പ്പിന് മുമ്പ് മൂന്ന് തവണ ഷെട്ടിയുടെ വീടിന്റെ പരിസരം സന്ദർശിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പിനു മുമ്പ് പ്രതികളിൽ ചിലർ അടുത്തുള്ള പ്രദേശത്ത് മദ്യപിച്ചിരുന്നതായും കണ്ടെത്തി.
ദീപക് ശർമ്മ എന്ന പ്രതിയും മറ്റ് മൂന്ന് പ്രതികളും സംഭവ ദിവസം ജുഹുവിൽ എത്തി. വെടിവയ്പ്പിന് ശേഷം അയൽപക്കത്തുള്ള താനെ ജില്ലയിലെ കല്യാണിലേക്ക് ഒരു ഓട്ടോറിക്ഷയിൽ രക്ഷപെട്ടു. തുടർന്ന് കല്യാണിലെത്തി മറ്റൊരു പ്രതിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ട്രെയിനിൽ വടക്കൻ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ്, ഹരിയാന, പുണെ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, മഹാരാഷ്ട്ര പൊലീസ് നിയമം, എന്നിവയ്ക്കു പുറമെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമവും (മക്കോക്ക) ചുമത്തിയിട്ടുണ്ട്.
ഗോൾമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.










0 comments