അന്താരാഷ്ട്ര കായികതാരം രോഹിത് ധൻഖറിന്റെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ

ചണ്ഡീഗഢ്: ആറ് തവണ ദേശീയ സ്വർണ്ണ മെഡൽ ജേതാവായ അന്താരാഷ്ട്ര കായികതാരം രോഹിത് ധൻഖറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 27-ന് ഭിവാനിയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വെച്ച് സ്ത്രീകളോട് അശ്ലീല പരാമർശങ്ങൾ നടത്തിയത് രോഹിത് എതിർത്തതിനെ തുടർന്ന് തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് രോഹിത്തിൻ്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവദിവസം രാത്രി രോഹിത്തും സുഹൃത്തും വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികൾ ഇവരുടെ കാറിൽ സ്വന്തം വാഹനമിടിപ്പിച്ചു. തുടർന്ന് ഇവർ രോഹിത്തിനെ ക്രൂരമായി മർദ്ദിച്ചു. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ രോഹിത് ചികിത്സയ്ക്കിടെ മരണപ്പെട്ടു. പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
ഭിവാനി ജില്ലക്കാരായ വരുൺ, വരുണിൻ്റെ സഹോദരൻ തരുൺ, ദീപക് സിംഗ് എന്നിവരെയാണ് പൊലീസ് ബാംഗ്ലൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. റോഹ്തക് ജില്ലക്കാരനാണ് രോഹിത്.










0 comments