മിസോറമിൽ മരണം 90.6 ശതമാനം
റോഡ് അപകടം ; ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

ന്യൂഡൽഹി
റോഡപകടങ്ങളിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 2023ൽ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ എണ്ണം 48,091, മരിച്ചവരുടെ എണ്ണം 4,080. അപകടങ്ങള്‍ 2022നെക്കാൾ 237 എണ്ണം കുറഞ്ഞു. റോഡപകടങ്ങളുടെ കണക്കിൽ രാജ്യത്ത് മൂന്നാമതാണെങ്കിലും മരണനിരക്ക് ഗണ്യമായി കുറയ്‌ക്കാനായി. 100 റോഡപകടങ്ങളിൽ 36 പേർ ദേശീയതലത്തിൽ കൊല്ലപ്പെടുന്പോൾ കേരളത്തിലിത് 8.5 മാത്രം.
ദ്രുതപ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ് വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നതെന്നാണ് വിദഗ്‌ധ പക്ഷം. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളമുള്ള കേരളത്തിൽ അപകടത്തിൽപ്പെട്ടവരെ ട്രോമകെയർ സെന്ററുകളിൽ പെട്ടെന്ന് എത്തിക്കാൻ കഴിയുന്നുവെന്ന് റോഡ് സുരക്ഷവിദഗ്‌ധൻ ഉപേന്ദ്ര നാരായൺ പറഞ്ഞു. ഏറ്റവും കൂടുതൽ അപകടം മലപ്പുറത്താണ്– 3,253 . രണ്ടാമത് കൊച്ചി– 2,803. മരണനിരക്ക് കൂടുതൽ കൊല്ലത്ത്. 2,136 അപകടങ്ങളിൽ 211 മരണം. ശരാശരി 9.87 ശതമാനം. 309 പേർ മരിച്ച മലപ്പുറം രണ്ടാമതാണ്– 9.49 ശതമാനം.
മിസോറമിൽ മരണം 90.6 ശതമാനം
മിസോറമിലുണ്ടായ 106 അപകടങ്ങളിൽ 96 പേരും മരിച്ചുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. മരണനിരക്ക് 90.6 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ബിഹാറിൽ 11,014 അപകടങ്ങളിൽ 8,873പേര്‍ മരിച്ചു (80.6 ശതമാനം). അപകടങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് തമിഴ്‌നാടാണ്. 67,213 അപകടങ്ങൾ. ഇതിൽ 8,347 പേരും മരിച്ചു.










0 comments