തൃണമൂൽ പിളർന്നു; ഋതബ്രത ബാനർജി പ്രതിപക്ഷനേതാവ്

ഋതബ്രത ബാനർജി, മമത ബാനർജി
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് സമ്പൂർണം. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷനേതാവായി സ്പീക്കർ നിയമിച്ചു. 59 എംഎൽഎമാരുടെ പിന്തുണയാണ് ഋതബ്രതയ്ക്കുള്ളത്. പാർടിയിൽ ഉടലെടുത്ത ചേരിപ്പോരിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ പാർടിയുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും ഋതബ്രതയെ നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിർദ്ദേശിച്ചുകൊണ്ട് 58 എംഎൽഎമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് കൈമാറി. തുടർന്നാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
നിയമസഭയിൽ ആകെ 80 എംഎൽഎമാരുള്ള ടിഎംസിയിൽ, പിളർപ്പ് ഔദ്യോഗികമാക്കാൻ കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നിൽ രണ്ട് അംഗങ്ങളുടെ (53 എംഎൽഎമാർ) പിന്തുണയാണ് ആവശ്യം. നിലവിൽ 59 പേരുടെ പിന്തുണയുള്ളതിനാൽ വിമതർ ഈ കടമ്പ അനായാസം മറികടന്നു. തൃണമൂൽ കോൺഗ്രസ് എന്ന പാർടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അവകാശപ്പെടാനും സാധിക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെയാണ് ടിഎംസിയിൽ ആഭ്യന്തര തർക്കം രൂക്ഷമായത്. പാർടിയിലെ ഭൂരിപക്ഷം എംഎൽഎമാരും മമതയ്ക്കെതിരെ തിരിഞ്ഞിരുന്നു. കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം തുടങ്ങി തൃണമൂൽ കോൺഗ്രസിൽ എത്തുകയും മമതയുടെ വലംകയ്യായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത സുവേന്ദു അധികാരിയാണ് ഇപ്പോൾ ബംഗാൾ മുഖ്യമന്ത്രി. തൃണമൂലിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾക്ക് പിന്നിലും ബിജെപിയാണെന്ന് ആരോപണമുയരുന്നുണ്ട്. അതേസമയം തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്നതായും വിവരമുണ്ട്.










0 comments