ത്രിപുര ഗോത്രവർഗ സ്വയംഭരണ ജില്ലാ കൗൺസിലിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി; 22 പുതുമുഖങ്ങള്‍

ത്രിപുര ഇടതുമുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ
അഗർത്തല: ത്രിപുര ഗോത്രവർഗ സ്വയംഭരണ ജില്ലാ കൗൺസിലിലെ 28 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥി പട്ടിക ഇടതുമുന്നണി പ്രഖ്യാപിച്ചു. ധർമനഗർ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അമിതാഭ ദത്ത മത്സരിക്കുമെന്നും ഇടതുമുന്നണി കൺവീനർ മണിക് ദേയും സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ കൗൺസിലിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ 22 പേർ പുതുമുഖങ്ങളാണ്. ബിജെപി നേതാവും നിയമസഭാ മുൻ സ്പീക്കറുമായിരുന്ന വിശ്വബന്ധു സെൻഅന്തരിച്ചതിനെത്തുടർന്ന് ഒഴിവുവന്ന ധർമനഗർ നിയമസഭാ മണ്ഡലത്തിൽ ഒഴിവ് വന്നത്.
തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ ഇടതുമുന്നണി സജ്ജമാണെന്നും ഈ പോരാട്ടം ഏറെ നിർണായകമാണെന്നും മണിക് ദേ പറഞ്ഞു. നിലവിൽ ബിജെപിയുടെ കീഴിൽ ജില്ലാ കൗൺസിലിൽ അഴിമതി കൊടികുത്തി വാഴുകയാണ്. പെൻഷൻ നൽകാൻ പോലും കഴിയുന്നില്ല. നിരവധി ക്രമക്കേടുകളാണ് നടക്കുന്നത്. കൗൺസിലിന് കീഴിലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ദയനീയാവസ്ഥയിലാണ്. ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം തെരഞ്ഞെടുപ്പുകൾ കൃത്യമായ രീതിയിലല്ല നടക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കൗൺസിലിനുള്ളിലെ അഴിമതിയെക്കുറിച്ച് സംസ്ഥാന സർക്കാരിലെ മന്ത്രിമാർക്ക് അറിവുണ്ടെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇപ്പോൾ വികസനത്തിന്റെ പേരിൽ ജില്ലാ കൗൺസിലിൽ കൊള്ളയാണ് നടക്കുന്നത്. പൊതുരംഗത്തെ അനുഭവ പരിചയം, വിദ്യാഭ്യാസ യോഗ്യത, യുവനേതാക്കളുടെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്ത് കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ ഇടതുമുന്നണി തെരഞ്ഞെടുത്തതെന്നും ചൗധരി കൂട്ടിച്ചേർത്തു.
ഏപ്രില്‍ 18വരെയാണ് നിലവിലെ കൗണ്‍സിലിന്‍റെ കാലാവധി. തെരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.










0 comments