print edition അവകാശസമരങ്ങൾ ശക്തമാക്കും: അശോക് ധാവ്‌ളെ

കിസാൻസഭയുടെ അഖിലേന്ത്യ സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന മഹാറാലിയിൽ നേതാക്കൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
നൽഗൊണ്ട: കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, കർഷകർക്ക് പെൻഷൻ ഉറപ്പുവരുത്തുക, വിള ഇൻഷുറൻസ് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വനിതാകർഷകർക്ക് സ്വന്തം പേരിൽ ഭൂമി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രക്ഷോഭങ്ങളിലേക്ക് കിസാൻസഭ കടക്കുമെന്ന് പ്രസിഡന്റ് അശോക് ധാവ്‌ളെ പറഞ്ഞു. വോട്ടുചോർച്ച, അയോധ്യ രാമക്ഷേത്രം കൊള്ള തുടങ്ങിയ രാഷ്‌ട്രീയവിഷയങ്ങളും സംഘടന ഏറ്റെടുക്കും.
രാജ്യത്ത് 44 ശതമാനം കൃഷിഭൂമിയും 10 ശതമാനം വൻകിട കർഷകരുടെ പക്കലാണ്. 90 ശതമാനം ഇടത്തരം– ദരിദ്ര കർഷകരുടെ പക്കൽ 56 ശതമാനം ഭൂമി മാത്രമാണുള്ളത്. 40 ശതമാനം പേർ ഭൂരഹിതരാണ്. രാഷ്‌ട്രീയാധികാരം നേടിയെടുത്താൽ മാത്രമേ ഇത്തരം അസമത്വങ്ങൾ പരിഹരിക്കാനാകൂ.
30 വർഷത്തിനിടെ അഞ്ചുലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു. കടബാധ്യതയും കൃഷിച്ചെലവിലുണ്ടായ ഭീമമായ വർധനയും ഉൽപ്പന്നങ്ങളുടെ വിലയിടിവുമാണ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ഇൗ സാഹചര്യം ഒഴിവാക്കാനാണ് കൃഷിച്ചെലവിന്റെ അമ്പത് ശതമാനം അധികമെങ്കിലും മിനിമം താങ്ങുവില സ്വാമിനാഥൻ കമീഷൻ നിർദേശിച്ചത്. എന്നാൽ ഒന്നും നടപ്പായില്ല. ഇൗ സമ്മേളനം ഭാവി പോരാട്ടങ്ങൾക്കുള്ള നാന്ദി കുറിക്കലായിരിക്കുമെന്നും ധാവ്‌ളെ പറഞ്ഞു.









0 comments