ഈസ്റ്ററിൽ ഗുജറാത്തിൽ വിഎച്ച്പി- ബജ്റംഗ്ദൾ ആക്രമണം: ആയുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറി

അഹമ്മദാബാദ് : ഈസ്റ്റർ ദിനത്തിൽ അഹമ്മദാബാദിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ഈസ്റ്റർ ദിനത്തിൽ പള്ളിയിലേക്ക് ഒരുകൂട്ടം വിശ്വഹിന്ദു പരിഷത്ത്- ബജ്റംഗ്ദൾ പ്രവർത്തകർ ആയുധങ്ങളുമായി അഹമ്മദാബാദിലെ ഒധാവ് ഏരിയയിലുള്ള പള്ളിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പള്ളിയിലേക്കെത്തിയ പ്രവർത്തകർ ഈസ്റ്റർ ആരാധന തടസപ്പെടുത്തുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. വടികളും കത്തികളുമടക്കമുള്ള ആയുധങ്ങളുമായെത്തിയാണ് തീവ്ര ഹിന്ദുത്വ പ്രവർത്തകർ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ജയ് ശ്രീറാം എന്ന് മുദ്രാവാക്യം മുഴക്കിയാണ് തീവ്ര ഹിന്ദുത്വ പ്രവർത്തകർ പള്ളിയിലേക്ക് ഇരച്ചുകയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളിയിലെ ചില വസ്തുക്കൾ തകർത്തതായും വിവരമുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളിക്കുള്ളിൽ കയറിയ അക്രമികൾ ഭീഷണിപ്പെടുത്തിയതായും നിങ്ങളുടെ വിശ്വാസത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇവിടെ മതപരമായ ആചാരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളി അധികാരികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിട്ട പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആയുധങ്ങളുമായെത്തി കുട്ടികളെയടക്കം ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വിഎച്ച്പി പ്രവർത്തകർ പള്ളിയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിയിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും ആരെയും ഉപദ്രവിച്ചില്ലെന്നുമാണ് പൊലീസിന്റെ വാദം.









0 comments