വിവരാവകാശ നിയമം @ 20
ജനാധിപത്യത്തിന്റെ സൂര്യതേജസിന് വെളിച്ചം നഷ്ടപ്പെടുമ്പോൾ


AKSHAY K P
Published on Oct 12, 2025, 05:49 PM | 1 min read
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്ന് വിശേഷിപ്പിക്കുന്ന വിവരാവകാശ നിയമത്തിന് ഇന്ന് 20 വയസ്. ഒന്നാം യുപിഎ സർക്കാർ 2005 മേയിൽ പാർലമെന്റിൽ പാസാക്കിയ വിവരാവകാശ നിയമം ഒക്‌ടോബർ 12നാണ് നിലവിൽ വന്നത്. രാജസ്ഥാനിൽ അരുണ റോയ് സ്ഥാപിച്ച മസ്‌ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയുടെ ഇടപെടൽ നിയമം പാസാകുന്നതിന് നിർണായകമായി. അതോടൊപ്പം സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ സമ്മർദവും.
പൊതുജനങ്ങൾക്ക് തങ്ങൾ തെരഞ്ഞെടുത്ത സർക്കാരും ഭരണസംവിധാനങ്ങളെ നയിക്കുന്ന ഉദ്യോഗസ്ഥരും എന്തെല്ലാം ചെയ്യുന്നുവെന്ന് അറിയാനും സുതാര്യത ഉറപ്പാക്കാനുമുള്ള അവകാശമാണ് നിയമം നൽകുന്നത്. നിരവധി വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ നിയമം കാരണമായി. ഏകദേശം 60 ലക്ഷം വരെ അപേക്ഷകളാണ് വർഷംതോറും ഫയൽ ചെയ്യപ്പെടുന്നത്. എന്നാൽ, 2014ൽ അധികാരത്തിലെത്തിയ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ നിയമത്തിന്റെ ചിറകരിഞ്ഞു.
വിവരാവകാശ കമീഷനുകളുടെ പ്രവർത്തനം മോദി സർക്കാർ താളംതെറ്റിച്ചു. കമീഷണർമാരെ നിയമിക്കാതെയും അവരെ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ ആക്കിയുമായിരുന്നു നിയന്ത്രണം. ഇത് കമീഷന്റെ വിശ്വാസ്യത തകർക്കാനും അപേക്ഷകള്‍ തീരുമാനമില്ലാതെ കെട്ടിക്കിടക്കാനും കാരണമായി. 2023ൽ മാത്രം 29ൽ ഏഴ് കമീഷനുകൾ പ്രവർത്തനരഹിതമായി. 2019ൽ കൊണ്ടുവന്ന നിയമത്തിലെ ഭേദഗതി കമീഷന്റെ സ്വതന്ത്രാധികാരത്തിനുമേൽ കൈവയ്‌ക്കുകയും ചെയ്തു. ഇൗ വർഷം നിലവിൽ വന്ന ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്‌ഷൻ ആക്‌ട് വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ തകർക്കുന്നതായി. വ്യക്തിഗത വിവരം കൈമാറരുതെന്ന് ആക്‌ടിലെ സെക്‌ഷൻ 44(3) പറയുന്നു. നിരവധി വിവരാവകാശ പ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.











0 comments