print edition ബംഗാളിന്റെ വനമേഖലയിൽ ചെങ്കൊടി പാറുന്നു

പുരുളിയയിലെ ആദിവാസി വനിതകൾ സിപിഐ എമ്മിനായി ചുവരെഴുതുന്നു
ഗോപി
Published on Apr 15, 2026, 12:00 AM | 1 min read
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും വ്യാപക അക്രമവും കൊലപാതകങ്ങളും അഴിച്ചുവിട്ട ജംഗൾ മഹലിൽ (വനമേഖല) വീണ്ടും ചെങ്കൊടി പാറുന്നു. പുരുളിയ, ബാങ്കുറ, പശ്ചിമ മേദിനിപ്പുർ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മേഖലയാണിത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുമാണ്.
ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ തൃണമൂലും മാവോയിസ്റ്റുകളും ഉൾപ്പെടെ സംഘടിതമായി ആക്രമണങ്ങൾ നടത്തി. 38 സിപിഐ എം പ്രവർത്തകരാണ് അക്കാലത്ത് കൊല ചെയ്യപ്പെട്ടത്. 2008 നവംബറിൽ സാൽബണിയിൽ സ്റ്റീൽ പ്ലാന്റിന് തറകല്ലിട്ട് മടങ്ങുംവഴി അന്ന് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ മാവോയിസ്‌റ്റുകൾ കുഴിബോംബ് വെച്ച് വധിക്കാൻ ശ്രമിച്ചു. അക്രമണങ്ങൾക്ക് ഇരയായി നൂറുകണക്കിന് പാർടി പ്രവർത്തകർക്ക് നാടുവിട്ടു പോകേണ്ടിവന്നു. മമത ബാനർജി അധികാരത്തിലെത്തിയതോടെ അടിച്ചമർത്തൽ രൂക്ഷമായി. എന്നാൽ, അക്രമം ചെറുത്ത് വീണ്ടും പ്രവർത്തനം സജീവമാക്കി. നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത ആവേശവും ജന പങ്കാളിത്വവുമാണ് ഇത്തവണ ദർശിക്കുന്നത്.
ആകെയുള്ള ഏഴ് മണ്ഡലങ്ങളിൽ ആറും സംവരണ സീറ്റുകളാണ്. നാല് സീറ്റ് പട്ടിക വർഗ വിഭാഗത്തിനും രണ്ടെണ്ണം പട്ടിക ജാതി വിഭാഗക്കാർക്കും. എല്ലായിടത്തും സിപിഐ എം ആണ് ഇടതുമുന്നണിയുടെ സ്ഥാനാർഥികൾ. പാർടി കേന്ദ്ര കമ്മിറ്റിയംഗവും ബിർഭും ജില്ലാ സെക്രട്ടറിയുമായ ദേബ് ലീന ഹേംബ്രം റാണിബന്ദ് മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നു. മുൻ മന്ത്രിയുമാണ്. പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രചാരണത്തിനെത്തി.









0 comments