വന്ദേ ഭാരത് ഭക്ഷണത്തിൽ പ്രാണി; കാറ്ററിങ് കമ്പനിക്ക് 10 ലക്ഷം രൂപ പിഴ

അഹമ്മദാബാദ്/മുംബൈ : അഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ. മുംബൈ സ്വദേശിയായ യാത്രക്കാരൻ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്.
അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലഭിച്ച ദാൽ-ചാവൽ ഭക്ഷണപ്പൊതിയിലാണ് പാറ്റയെ കണ്ടെത്തിയത്. തന്റെ കോച്ചിലെ മറ്റ് രണ്ട് യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായതായും ഇതോടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും യാത്രക്കാരൻ വ്യക്തമാക്കി. ആർകെ ഗ്രൂപ്പിന്റെ കീഴിലുള്ള എം/എസ് ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്‌സ് ആണ് ട്രെയിനിൽ ഭക്ഷണ വിതരണം നടത്തിയത്. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും വെണ്ടറുടെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരൻ റെയിൽവേ അധികൃതരെ ടാഗ് ചെയ്തു.
പരാതി ഗൗരവമായി എടുത്ത ഐആർസിടിസി കാറ്ററിങ് കമ്പനിക്ക് പത്തുലക്ഷം രൂപ പിഴ ചുമത്തി. കരാർ റദ്ദാക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന കിച്ചൺ അടച്ചുപൂട്ടാൻ ഉത്തരവിട്ട അധികൃതർ അവിടെ ശാസ്ത്രീയമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശിച്ചു.
മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മാർച്ച് 27ന് വാരണാസി മുതൽ ദിയോഗർ വരെ സർവീസ് നടത്തിയ ട്രെയിൻ നമ്പർ 22500ലെ E1 കോച്ചിൽ യാത്ര ചെയ്ത അയുഷി എന്ന യുവതിക്കും മകനും ഭക്ഷണത്തിൽ നിന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് തനിക്ക് ഗുരുതരമായ അലർജിയും മകന് വയറിളക്കവും ബാധിച്ചു. ട്രെയിനിൽ നൽകിയ വെള്ളത്തിന് അസ്വാഭാവിക രുചിയുണ്ടായിരുന്നതായും പരാതിപ്പെട്ടപ്പോൾ ജീവനക്കാർ മോശമായാണ് പെരുമാറിയതെന്നും ഇവർ ആരോപിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉൾപ്പെടെ പങ്കുവെച്ചായിരുന്നു അയുഷി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ തുടർച്ചയായി ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുന്നത് റെയിൽവേയുടെ ഭക്ഷണ ശുചിത്വത്തിലുള്ള വിശ്വാസ്യതയെ സാരമായി ബാധിക്കുന്നു. വൻ തുക നൽകി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷണം വിളമ്പുന്നത് റെയിൽവേയുടെ സേവനങ്ങൾക്ക് തിരിച്ചടിയാണ്. ഇത്തരം സാഹചര്യത്തിൽ ഇനി എങ്ങനെ വിശ്വസിച്ച് ട്രെയിനിൽ നിന്ന് ഭക്ഷണം കഴിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.










0 comments