ബംഗളൂരു ആള്‍ക്കൂട്ട ദുരന്തം: കര്‍ണാടക സര്‍ക്കാരിനെതിരെ ആര്‍സിബിയും ഡിഎൻഎയും

ബംഗളൂരു: ഐപിഎൽ കിരീടാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ തിരക്കിൽപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ആര്‍സിബിയും ഇവന്റ് മാനേജ്‍മെന്റ് കമ്പനിയായ ഡിഎൻഎ നെറ്റ്‍വര്‍ക്‍സും കര്‍ണാടക ഹൈക്കോടതിയിൽ. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ഇരുസ്ഥാപനവും ഹർജി നൽകി.
ആളുകളെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. സ്റ്റേഡിയത്തിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിച്ചില്ല. കൂടുതൽ പൊലീസും വിധാൻ സൗധയിലാണ് കേന്ദ്രീകരിച്ചത് –- ഡിഎൻഎ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ, ഡിഎൻഎ നെറ്റ്‍വര്‍ക്‍സ്, പൊലീസ് എന്നിവരുമായി ചര്‍ച്ച നടത്തി വാക്കാൽ അനുമതി ലഭിച്ചശേഷമാണ് വിക്‍ടറി പരേഡ് അടക്കമുള്ള ആഘോഷപരിപാടി സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചതെന്ന് ആര്‍സിബിയും ചൂണ്ടിക്കാട്ടി.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഐപിഎൽ ആഘോഷവുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വിശദീകരണം നൽകാന്‍ ഡല്‍ഹിയിലെത്തി.









0 comments