ബംഗളൂരു വിജയാഘോഷദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആർസിബി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ആർസിബി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദുരന്തത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് ആർസിബി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ആർസിബി കെയേഴ്സ്' എന്ന പേരിൽ ധനസാഹയം പ്രഖ്യാപിച്ചത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായി ജൂൺ നാലിനാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ആർസിബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ രണ്ടു ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
സംഭവത്തിൽ ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റോയൽ ചലഞ്ചേഴ്‌സ്, ബംഗളൂരു സിറ്റി പൊലീസിന്റെ അനുമതി ഇല്ലാതെ വിജയാഘോഷ പരേഡിനായി ആളുകളെ ക്ഷണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കർണാടക ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് പരസ്യമാക്കിയത്. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത്തരം രഹസ്യസ്വഭാവത്തിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു.
വിക്ടറി പരേഡിന്റെ തലേദിവസം മാത്രമാണ് സംഘാടകരായ ആർസിബി മാനേജ്‌മെന്റ് പരിപാടിയെക്കുറിച്ച് പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാൽ തന്നെ പൊലീസിന് വേണ്ട രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിച്ചിരുന്നില്ല. ഇത്തരം പരിപാടിക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും അനുമതികൾ വാങ്ങണമെന്ന് റിപ്പോർട്ടിൽ പറയുന്നു.









0 comments