വളർച്ചനിരക്ക്‌ കുറയും: 
ആർബിഐ

വായ്‌പ പലിശ കുറയും ; റിപ്പോനിരക്ക് 0.25 ശതമാനം കുറച്ചു

rbi repo rate
വെബ് ഡെസ്ക്

Published on Apr 10, 2025, 02:40 AM | 1 min read

കൊച്ചി : റിസർവ്വ്‌ ബാങ്ക്‌ വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം കുറച്ചു. ഇതോടെ റിപ്പോനിരക്ക് 6.25ൽ നിന്ന്‌ ആറു ശതമാനമായി. അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌ തുടങ്ങിവച്ച വ്യാപാരയുദ്ധ പശ്ചാത്തലത്തിൽ ലോകത്ത്‌ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കെ റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തികവർഷത്തെ ആദ്യ പണനയത്തിലാണിത്‌.


പണപ്പെരുപ്പം ലഘൂകരിക്കുക, സാമ്പത്തികവളർച്ച വർധിപ്പിക്കുക എന്നിവ ലക്ഷ്യംവച്ചാണ്‌ നടപടിയെന്ന്‌ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആറം​ഗ പണനയ സമിതി (എംപിസി) ഏകകണ്ഠമായാണ് തീരുമാനമെടുത്തത്‌. സ്വർണപ്പണയ വായ്‌പകൾക്ക് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്നും ​അദ്ദേഹം വ്യക്തമാക്കി.


അടിസ്ഥാന പലിശനിരക്ക് കുറച്ചതോടെ ബാങ്കുകളുടെ ഭവന, വാഹന വായ്‌പ അടക്കമുള്ളവയുടെ പലിശനിരക്കും ഇഎംഐയും കുറയും. 2019 ഒക്ടോബർ ഒന്നിനുശേഷം എടുത്ത ഫ്ലോട്ടിങ്‌ നിരക്കിലുള്ള ചെറുകിട വായ്‌പകളുടെയും പുതിയ വായ്‌പകളുടെയും പലിശയാണ്‌ കുറയുക. റിപ്പോനിരക്ക് കുറയുമ്പോൾ നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞേക്കാം.


നടപ്പു സാമ്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നാലു ശതമാനമായിരിക്കുമെന്ന് ആർബിഐ പറയുന്നു. ഏപ്രിൽ–- ജൂൺ പാദത്തിലിത് 3.6 ശതമാനവും ജൂലൈ–സെപ്തംബർ 3.9 ശതമാനവും ഒക്ടോബർ–- ഡിസംബർ 3.8 ശതമാനവും ജനുവരി– ഫെബ്രുവരിയിൽ 4.4 ശതമാനവുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.


വളർച്ചനിരക്ക്‌ കുറയും: 
ആർബിഐ

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രതികാരച്ചുങ്ക നടപടി രാജ്യത്തിന്റെ വളർച്ചനിരക്ക്‌ ഗണ്യമായി ഇടിയാനിടയാക്കുമെന്ന്‌ റിസർവ്‌ ബാങ്ക്‌. 2025–-26 സാമ്പത്തികവർഷത്തെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചനിരക്ക്‌ 6.7 ശതമാനത്തിൽനിന്ന്‌ 6.5 ശതമാനമായി ആർബിഐ വെട്ടിക്കുറച്ചു. റിസർവ്‌ ബാങ്ക്‌ ഗവർണർ സഞ്ജയ്‌ മൽഹോത്രയുടെ നേതൃത്വത്തിൽ നടന്ന 54–-ാം നയ അവലോകന മേൽനോട്ട സമിതി യോഗത്തിലാണ്‌ തീരുമാനം.


പുതിയ തീരുവ പ്രഖ്യാപനങ്ങളും അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ്‌ പ്രതീക്ഷിത വളർച്ചനിരക്കിൽനിന്ന്‌ 20 അടിസ്ഥാന പോയിന്റ്‌ കുറച്ചതെന്ന്‌ സഞ്ജയ്‌ മൽഹോത്ര പറഞ്ഞു. ട്രംപ്‌ ഇന്ത്യക്കുമേൽ 27 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്തിയ പശ്ചാത്തലത്തിലാണ്‌ യോഗം ചേർന്നത്‌. പണപ്പെരുപ്പത്തേക്കാൾ അമേരിക്കയുടെ തീരുവനയം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നാണ്‌ ആശങ്കയെന്നും വിപണിയിൽ ഇന്ത്യ ജാഗ്രത പുലർത്തണമെന്നും സഞ്ജയ്‌ മൽഹോത്ര പറഞ്ഞു.


repo




deshabhimani section

Related News

View More
0 comments
Sort by

Home