പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളിയിലെന്ന് ആർബിഐ എംപിസി

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര (Photo Courtesy - REUTERS/Francis Mascarenhas)
മുംബൈ : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കാനിടയുള്ള ആഘാതങ്ങളെക്കുറിച്ച് ഏപ്രിൽ 6 മുതൽ 8 വരെ നടന്ന റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഗൗരവമായ ചർച്ചകൾ നടന്നതായി മിനിറ്റ്‌സ് വ്യക്തമാക്കുന്നു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ സമിതിയിലെ എല്ലാ അംഗങ്ങളും അതീവ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ നിലവിലെ സ്ഥിതി തുടരാനാണ് യോഗം തീരുമാനിച്ചത്.
അമേരിക്ക താല്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സംഘർഷത്തിന് വേഗത്തിൽ പരിഹാരമുണ്ടാകുമെന്നും വിതരണ ശൃംഖലകൾ സാധാരണ നിലയിലാകാനും സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിർണായകമായ എന്തെങ്കിലും നീക്കം നടത്തുന്നതിന് മുമ്പ് നിരീക്ഷിക്കുന്നതാണ് ഉചിതമെന്ന് എംപിസി ചെയർമാനും ആർബിഐ ഗവർണറുമായ സഞ്ജയ് മൽഹോത്ര മിനിറ്റ്‌സിൽ കുറിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം കയറ്റുമതി, അവശ്യസാധനങ്ങളുടെ വിതരണം, ഊർജം ഉൾപ്പെടെയുള്ള ചരക്കുകളുടെ വർധിച്ച വില, വിദേശത്തുനിന്നുള്ള പണമയക്കൽ, ആഗോള ഡിമാൻഡിലെ കുറവ് എന്നിങ്ങനെ വിവിധ തലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് വെല്ലുവിളികൾ ഉയർത്തുന്നതായി എംപിസി നിരീക്ഷിച്ചു.
ചുരുക്കത്തിൽ കഴിഞ്ഞ മാസങ്ങളിൽ സംഘർഷം കൂടുതൽ വ്യാപിച്ചതോടെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തീവ്രമായിരിക്കുകയാണ്. ഇതിന്റെ ഫലമായി വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ പൂർണമായി പരിഹരിക്കാനും ലോജിസ്റ്റിക് ശൃംഖല പുനഃസ്ഥാപിക്കാനും കൂടുതൽ സമയമെടുത്തേക്കാം. ഇത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാനും പണപ്പെരുപ്പം വർധിപ്പിക്കാനും കാരണമായേക്കാം, സഞ്ജയ് മൽഹോത്ര പ്രസ്താവിച്ചു.
ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വളം എന്നിവയുടെ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് നിലവിലെ പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം വിതരണത്തെ തടസപ്പെടുത്തുകയും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്ന പ്രധാന ഘടകമാണ് ക്രൂഡ് ഓയിൽ വില. പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഗവർണറും ഇന്റേണൽ മെമ്പറുമായ പൂനം ഗുപ്തയും വ്യക്തമാക്കിയിട്ടുണ്ട്.










0 comments