രൂപയെ പിടിച്ചു നിര്‍ത്താൻ അറ്റകൈ; പലിശ നിരക്ക് കൂട്ടാൻ ആര്‍ബിഐ നീക്കം

മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തര നടപടികൾക്ക് ഒരുങ്ങുന്നു. പലിശനിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള കഠിനമായ സാമ്പത്തിക മാർഗ്ഗങ്ങൾ ആർബിഐയുടെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്. പലിശ ബാധ്യത വര്‍ധിക്കുന്നതോടെ സാധാരണക്കാരുടെ ചുമലിലേക്കാവും ഇതിന്റെ അധിക ഭാരം ഒടുവിൽ വന്നു ചേരുക.
രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങൾ പരിഗണിക്കുന്നതായാണ് ധനകാര്യ വിദഗ്ദ്ധരിൽ നിന്നുള്ള റിപ്പോര്‍ടുകൾ. പലിശനിരക്ക് വർധനയാണ് ഇതിൽ ആദ്യത്തേത്. ആര്‍ബിഐയുടെ ജൂണിലെ പോളിസി മീറ്റിംഗിന് മുൻപായി തന്നെയോ അല്ലെങ്കിൽ യോഗ തീരുമാനങ്ങൾ പ്രകാരമോ പലിശനിരക്ക് ഉയർത്തി കറൻസി ചോർച്ച തടയുക എന്ന തീരുമാനം ഉണ്ടാവാം. ഇതോടൊപ്പം ബാങ്കിങ് സംവിധാനത്തിലേക്ക് പണലഭ്യത ഉറപ്പാക്കാൻ 5 ബില്യൺ ഡോളറിന്റെ 3 വർഷത്തെ ബൈ/സെൽ സ്വാപ്പ് ലേലം മേയ് 26-ലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഏകദേശം 475 ബില്യൺ രൂപ മൂല്യം കണക്കാക്കുന്ന ഇടപെടലാണ്.
ഈ ലേലത്തിലൂടെ ആർബിഐ തങ്ങളുടെ കൈവശമുള്ള വിദേശനാണ്യ ശേഖരത്തിൽ നിന്നും 5 ബില്യൺ ഡോളർ ബാങ്കുകൾക്ക് നൽകും. നിലവിൽ ക്രൂഡ് ഓയിൽ വിലക്കയറ്റം കാരണം വിപണിയിൽ ഡോളറിന് കടുത്ത ക്ഷാമമുണ്ട്. ആർബിഐ ഡോളർ വിപണിയിലേക്ക് ഇറക്കുന്നതോടെ ഡോളറിനായുള്ള നെട്ടോട്ടം കുറയുകയും രൂപയുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കപ്പെടുകയും ചെയ്യും എന്നതാണ് ഇതിന് പിന്നിലെ തത്വം.
ഇങ്ങനെ ബാങ്കുകൾക്ക് ഡോളർ നൽകുമ്പോൾ, അതിന് പകരമായി ബാങ്കുകളുടെ കൈവശമുള്ള അത്രയു ഡോളര്‍ മൂല്യം വരുന്ന രൂപ ആർബിഐ വാങ്ങും. ഇതുവഴി വിപണിയിൽ രൂപയുടെ ലഭ്യത കുറയുമ്പോൾ സ്വാഭാവികമായും രൂപയുടെ ഡിമാൻഡും മൂല്യവും ഉയരും. കൂടാതെ വിപണിയിൽ പണം കുറയുന്നത് പണപ്പെരുപ്പംനിയന്ത്രിക്കാനും സഹായിക്കും എന്നുള്ള കണക്കുകൂട്ടലാണ് ഇതിന് പിന്നിൽ
ഇവയ്ക്ക് പുറമെ പ്രവാസി ഭാരതീയരിൽ നിന്ന് കൂടുതൽ ഡോളർ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പ്രത്യേക സ്കീമുകളോ സോവറിൻ ബോണ്ടുകളോ കൊണ്ടുവരാനും ആര്‍ബിഐ ആലോചനയുണ്ട്. ഇന്ത്യയിൽ പലിശ നിരക്ക് കൂട്ടുമ്പോൾ ഇവിടുത്തെ സർക്കാർ ബോണ്ടുകൾക്കും സ്ഥിരനിക്ഷേപങ്ങൾക്കും പലിശ കൂടുതൽ ലഭിക്കും. ഈ രണ്ട് നടപടികളും കാണുമ്പോൾ വിദേശ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരും ഇന്ത്യയിലേക്ക് വൻതോതിൽ ഡോളർ ഒഴുക്കും എന്ന പ്രതീക്ഷയാണ്. ഡോളർ ഇന്ത്യയിലേക്ക് വരുമ്പോൾ വിപണിയിൽ ഡോളറിന്റെ ലഭ്യത കൂടുകയും, ഇത് രൂപയുടെ മൂല്യം വർദ്ധിക്കാൻ സഹായിക്കുകയും ചെയ്യും.
പലിശ നിരക്ക് കൂട്ടുന്നത് വഴി രൂപയുടെ വിനിമയ മൂല്യത്തിന് ഒരു "പ്രതിരോധ കവചം" തീർക്കുകയാണ് ആർബിഐ ലക്ഷ്യം വെക്കുന്നത്. എന്നാൽ ഇത് ആഭ്യന്തര വിപണിയിൽ ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് കൂടാനും സാമ്പത്തിക വളർച്ചയുടെ വേഗത കുറയാനും കാരണമാവും.
പിടിച്ചാൽ നിൽക്കുമോ രൂപ
മേയ് 20 ബുധനാഴ്ച വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 96.95 എന്ന സർവകാല റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് വ്യാപാരം അവസാനിക്കുമ്പോൾ 96.86 എന്ന ഏറ്റവും കുറഞ്ഞ ക്ലോസിങ് നിരക്കിലാണ് രൂപ എത്തിയത്. ഈ സാഹചര്യത്തിലാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ അടിയന്തര ആഭ്യന്തര യോഗങ്ങൾ ചേരുകയും തുടർനടപടികൾ ചർച്ച ചെയ്യുകയും ചെയ്തത്.
മേയ് 21 വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ രൂപ ശക്തമായ തിരിച്ചുവരവ് നടത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിക്ക് ആശ്വാസമായി. ഒരു ഘട്ടത്തിൽ 96.45 വരെ ഉയർന്ന രൂപ, ബുധനാഴ്ചത്തെ റെക്കോർഡ് ഇടിവിൽ നിന്നും 41 പൈസയുടെ നേട്ടമുണ്ടാക്കി. എന്നാൽ ഈ പ്രവണത തുടരുന്ന സാഹചര്യമല്ല നിലനിൽക്കുന്നത്. ഇനിയൊരു ഇടിവുണ്ടായാൽ രൂപയ്ക്ക് 97.00 ലെവൽ വലിയ വെല്ലുവിളിയാവും. ഈ ലെവലിലും താഴുന്നതോടെ ഇന്ത്യയുടെ സമ്പത്തിക മേഖലയ്ക്ക് തിരിച്ചു കയറുക കടുത്ത പരീക്ഷണമാവും. ഇതുവരെ രൂപയെ അതിന്റെ സ്വയം ശേഷിക്ക് വിടുകയെന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.











0 comments