ദോശയിൽ ചത്ത എലിയെന്ന് പരാതി, പിന്നാലെ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്ത്രീകൾ രംഗത്ത്; ഒടുവിൽ ട്വിസ്റ്റ്

മുംബൈ: ഹോട്ടലിൽ വിളമ്പിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ തിരിവ്. സംഭവം ഒത്തുതീർപ്പാക്കാൻ ഹോട്ടലുടമയിൽ നിന്ന് 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ബോറിവ്‌ലി വെസ്റ്റിലെ 'രാധാകൃഷ്ണ ഹോട്ടലിൽ' ഭക്ഷണം കഴിക്കാനെത്തിയ അമിത് ത്രിവേദി എന്ന ഉപഭോക്താവാണ് മൈസൂർ മസാല ദോശയിൽ എലിയെ കണ്ടെത്തിയതായി പരാതിപ്പെട്ടത്.
ദോശയുടെ കുറച്ചു കഷണങ്ങൾ കഴിച്ച ശേഷമാണ് എലിയെ കണ്ടതെന്നും തുടർന്ന് തനിക്ക് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതായും ഇയാൾ ആരോപിച്ചിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹോട്ടലിനെതിരെ അടിയന്തര നടപടി സ്വീകരിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവേയാണ് സംഭവത്തിൽ തട്ടിപ്പ് പുറത്തുവരുന്നത്. വിഷയം കോടതിയിലോ മാധ്യമങ്ങളിലോ എത്തിക്കാതെ 'സെറ്റിൽമെന്റ്' നടത്താനായി ഉപഭോക്താവിനെ പ്രതിനിധീകരിച്ച് എത്തിയ രണ്ട് സ്ത്രീകൾ ഹോട്ടലുടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ ബോറിവ്‌ലി പൊലീസ് കേസെടുത്തു. പരാതിക്കാരനായ അമിത് ത്രിവേദിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ എലി കിടന്ന സംഭവം സത്യമാണോ അതോ പണം തട്ടിയെടുക്കാനായി ഇവർ മനഃപൂർവം ദോശയിൽ എലിയെ കൊണ്ടുവെച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.









0 comments