സംയുക്ത പ്രതിരോധം ശക്തമാക്കാൻ മക്ക സഖ്യം

റിയാദ് : മക്ക പ്രതിരോധ സഖ്യം സംയുക്ത പ്രതിരോധ നടപടികൾ സജീവമാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ. സൗദിക്കും രാജ്യത്തെ തീർഥാടന കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. റിയാദിൽ ചേർന്ന സഖ്യത്തിന്റെ തന്ത്രപ്രധാന രാഷ്‌ട്രീയ–പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
സൗദി, പാകിസ്ഥാൻ, തുർക്കി പ്രതിനിധികൾ പങ്കെടുത്ത യോഗം രാജ്യത്തിനും തീർഥാടന കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ചു. സഖ്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ ആക്രമണങ്ങൾക്കും അതിന് ഉത്തരവാദികളായവർക്കുമെതിരെ കൂട്ടായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ഖാലിദ് ബിൻ സൽമാൻ പറഞ്ഞു.
സൗദിയുടെ പ്രതിരോധത്തിന് നൽകാവുന്ന പിന്തുണയും സമാധാനപരമായും സംഭാഷണത്തിലൂടെയും പ്രശ്നപരിഹാരത്തിന് സ്വീകരിക്കാവുന്ന നടപടികളും യോഗം ചർച്ച ചെയ്‌തതായി തുർക്കിയ വിദേശമന്ത്രി ഹാകാൻ ഫിദാൻ പറഞ്ഞു. സഖ്യത്തിന്റെ സെക്രട്ടറിയറ്റ് ഉൾപ്പെടെയുള്ള സ്ഥാപന സംവിധാനങ്ങൾ രൂപീകരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) നൗമാൻ മഹ്മൂദിനെ സഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി മൂന്നുവർഷത്തേക്ക് നിയമിച്ചു. സഖ്യത്തിന്റെ കൂട്ടായ പ്രതിരോധ ബാധ്യതകൾ പ്രായോഗികമായി നടപ്പാക്കാനും ആവശ്യമായ സൈനികശേഷി സൗദിയിൽ വേഗത്തിൽ വിന്യസിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി.








0 comments