ലോ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
മലപ്പുറം സ്വദേശിയായ അബ്ദുൽ ഖാദർ, കണ്ണൂർ സ്വദേശിയായ മുഹമ്മദ് സജൽ, കാസർകോട് സ്വദേശിയായ ശ്രീരാജ്, കണ്ണൂർ സ്വദേശി ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള ലോ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജ് പരിസരത്ത് തോരണം കെട്ടുകയായിരുന്നു വിദ്യാർഥികൾ. സംസാരിച്ച് നിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.









0 comments