print edition ബിഹാറിൽ വിട്ടുനിന്ന് സഹായിച്ചു


സ്വന്തം ലേഖകൻ
Published on Mar 18, 2026, 01:02 AM | 1 min read
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് കോൺഗ്രസ് എംഎൽഎമാര്‍ കൂറുമാറിയതാണ് ബിഹാറില്‍ ബിജെപിസഖ്യത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത്. ബിഹാറിൽ ആകെ ആറ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ പകുതിയും നിർണായക തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് സംഘപരിവാരത്തെ സഹായിച്ചു. ബിഹാറിൽ അഞ്ച് സീറ്റിലേക്കായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ്. ജയിക്കാന്‍ 41 വോട്ട് വേണം. 202 എംഎൽഎമാരുള്ള എൻഡിഎ നാല് സീറ്റ് ഉറപ്പിച്ചിരുന്നു.
35 എംഎൽഎമാരുള്ള മഹാസഖ്യത്തിന് എഐഎംഐഎമ്മിന്റെ അഞ്ച് എംഎൽഎമാരും ബിഎസ്‌പിയുടെ ഏക എംഎൽഎയും പിന്തുണ പ്രഖ്യാപിച്ചതോടെ ഒരു സീറ്റിൽ ജയിക്കാമെന്നായി. എ ഡി സിങ് ആയിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. എൻഡിഎയുടെ അഞ്ചാം സ്ഥാനാർഥിയായി ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ്‌വാഹ രംഗത്തെത്തി. മാർച്ച് 13ന് തന്നെ ഫോൺ സ്വിച്ച്‌ഓഫ് ചെയ്‌ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും മുങ്ങി. ഇവർ എത്താതായതോടെ കുശ്‌വാഹ അനായാസം ജയിച്ചുകയറി.
കോൺഗ്രസിന്റെ ആറ് എംഎൽഎമാരും ഭരണപക്ഷത്തേക്ക് കൂറുമാറുന്നുവെന്ന അഭ്യൂഹം ബിഹാറിൽ ശക്തമാണ്.










0 comments