print edition രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വോട്ട്ചെയ്‌തത് 11 കോൺഗ്രസ് എംഎൽഎമാർ

എം പ്രശാന്ത്
Published on Mar 18, 2026, 02:48 AM | 1 min read
ന്യൂഡൽഹി : പത്തു സംസ്ഥാനത്തെ 37 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുത്തിയത് 11 കോൺഗ്രസ് എംഎൽഎമാർ. നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപി ജയിക്കാന്‍ സ്വന്തം വോട്ട് അസാധുവാക്കി. ഹരിയാനയിലെ അഞ്ചും ബിഹാറിലെയും ഒഡിഷയിലെയും മൂന്നുവീതവും കോൺഗ്രസ് എംഎൽഎമാരാണ് മടിയില്ലാതെ ബിജെപിക്ക് വോട്ടുചെയ്‌തത്. ഹരിയാനയിലെ നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കുവേണ്ടി വോട്ട് അസാധു വാക്കി.
കോൺഗ്രസിന്റെ ‘കൈ’ സഹായത്താൽ ബിഹാറിലും ഒഡിഷയിലും ഓരോ സീറ്റ് വീതം അധികം ജയിക്കാൻ എൻഡിഎയ്‌ക്കായി. ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ‘കൂറുമാറിയ’ ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരു വോട്ട് വ്യത്യാസത്തിൽ കോൺഗ്രസ് സ്ഥാനാർഥി കടന്നുകൂടി. കൂറുമാറ്റം ഭയന്ന് ഹരിയാനയിലെ എംഎൽഎമാരെ ഹിമാചലിലേക്കും ഒഡിഷയിലെ എംഎൽഎമാരെ കർണാടകത്തിലേക്കും മാറ്റിയിരുന്നു. എന്നാൽ, ഒരുഫലവും ഉണ്ടായില്ല.
സമീപകാലം വരെ മുഖ്യപ്രതിപക്ഷമായിരുന്ന ഒഡിഷയിലും ഇപ്പോഴും മുഖ്യപ്രതിപക്ഷമായ ഹരിയാനയിലും ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ കോൺഗ്രസിനാകില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ബിഹാറിൽ ബിജെപിയെ ചെറുക്കുന്ന ആർജെഡിയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തി.
നിർണായകതെരഞ്ഞെടുപ്പായിട്ടും സ്വന്തം എംഎൽഎമാരെ ഒപ്പം നിർത്തുന്നതില്‍ ഹൈക്കമാൻഡിന് ഗുരുതരവീഴ്‌ചയാണുണ്ടായത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുമ്പോഴും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിലെ സീറ്റ് വടംവലിയിലായിരുന്നു. എംഎൽഎമാരെ ബിജെപിക്കെതിരായി ഉറപ്പിച്ച് നിർത്താൻ വേണുഗോപാൽ ശ്രമിച്ചില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വിമർശം.










0 comments