രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഒഴിവ് വരുന്നത് 24 സീറ്റുകളിൽ

ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിൽ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ തുടങ്ങിയവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് വീതം സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതം സീറ്റുകളിലും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്.
ഇതിനുപുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സുനേത്ര പവാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ സി വി ഷൺമുഖം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.










0 comments