print edition പ്രതിപക്ഷവികാരം കണക്കിലെടുക്കണമെന്ന് രാജ്യസഭാ അധ്യക്ഷൻ; നാണംകെട്ട് മോദിയും ഷായും

ന്യൂഡൽഹി: ജന്തർമന്തറിലെ യുവജനവേട്ടയിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തരമന്ത്രി അമിത് ഷാ മനസ്സിലാക്കണമെന്ന രീതിയിലുള്ള രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണന്റെ നിർദേശം കേന്ദ്രസർക്കാരിന് നാണക്കേടായി.
എൻഡിഎ അധികാരമേറിയതിനുശേഷമുള്ള 12 വർഷക്കാലത്ത് ലോക്‌സഭാ സ്‌പീക്കറോ രാജ്യസഭാധ്യക്ഷനോ ഇത്തരം നിർദേശം സർക്കാരിന് നൽകിയിട്ടില്ല. പ്രതിഷേധത്തിന്റെ ‘സ്‌പിരിറ്റ്’ ഉൾക്കൊള്ളണമെന്ന പരോക്ഷ നിർദേശംകൂടിയാണ് സി പി രാധാകൃഷ്‌ണൻ നൽകിയത്.
ആർഎസ്‌എസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ സി പി രാധാകൃഷ്‌ണന്റെ നിർദേശം മോദി–ഷാ കൂട്ടുകെട്ടിന്റെ നടപടികളോട് സംഘപരിവാറിലെ ഒരു വിഭാഗത്തിനുള്ള കടുത്ത അതൃപ്‌തി പ്രതിഫലിപ്പിക്കുന്നതായി.
പാർലമെന്റ് മാർച്ചിനെ അടിച്ചമർത്താൻ പെല്ലറ്റ് തോക്കും ആണിതറച്ച ലാത്തിയും ഇലക്‌ട്രിക് ബാറ്റണും മറ്റും പ്രയോഗിച്ചിരുന്നു. ഇതിൽ അമിത് ഷാ വിശദീകരണം നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ജൂലൈ 20ന് ശേഷം അമിത് ഷാ ഇരുസഭകളിലുമെത്തിയില്ല. ‘ആഭ്യന്തരമന്ത്രി സഭയിലെത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പ്രതിപക്ഷത്തിന്റെ ഇൗ ആവശ്യം പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു. പാർലമെന്ററികാര്യ മന്ത്രിയെന്ന നിലയിൽ താങ്കൾക്ക് പ്രതിപക്ഷത്തിന്റെ ഇൗ വികാരം ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കാനാകും’–സി പി രാധാകൃഷ്‌ണൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനോട് പറഞ്ഞു.
നിർണായക വിഷയങ്ങളിൽ മോദിയും ഷായും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന വികാരവും ആർഎസ്‌എസ്സിൽ ശക്തം. വ്യാഴാഴ്‌ച സഭാനടപടികൾ ആരംഭിക്കുംമുന്പേ പ്രതിപക്ഷ അംഗങ്ങൾ സി പി രാധാകൃഷ്‌ണനെ കണ്ടിരുന്നു. ആഭ്യന്തരമന്ത്രി തൃപ്‌തികരമായ വിശദീകരണം നൽകണമെന്നും യുവജനവേട്ടയെന്ന പ്രധാനവിഷയത്തിൽ പ്രതിപക്ഷ ആവശ്യം ന്യായമാണെന്നും അവർ പറഞ്ഞു. അപ്പോൾ അതിനോട് കാര്യമായ അനുഭാവമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും സഭാധ്യക്ഷൻ ചോദ്യോത്തരവേളയിൽ ഇടപെടുകയായിരുന്നു.










0 comments