print edition പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹ പ്രായമായില്ലെങ്കിലും ലിവ് ഇൻ ബന്ധമാകാം ; രാജസ്ഥാൻ ഹൈക്കോടതി വിധി

ജയ്‍സാൽമീര്‍
വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ ലിവ് ഇൻ ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് കോട്ട സ്വദേശിയായ 19കാരനും 18കാരിയും നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനൂപ് ധന്ദിന്റെ വിധി.
ഇന്ത്യൻ നിയമപ്രകാരം ലിവ് ഇന്‍ ബന്ധങ്ങള്‍ നിരോധിക്കപ്പെടുകയോ കുറ്റകരമാക്കുകയോ ചെയ്‌തിട്ടില്ലെന്ന് കോടതി പറഞ്ഞു. ആൺകുട്ടിക്ക് 21 വയസും പെൺകുട്ടിക്ക് 18 വയസ്സുമാണ് രാജ്യത്ത് വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം.
സ്വന്തം ഇഷ്‌ടപ്രകാരമാണ് ഒരുമിച്ച് താമസിക്കുന്നതെന്നും 2025 ഒക്‌ടോബറിൽ ലിവ് ഇന്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഇരുവരും ഹര്‍ജിയിൽ പറഞ്ഞു. ബന്ധത്തെ എതിര്‍ത്ത കുടുംബം വധഭീഷണി മുഴക്കി. കോട്ട പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം യുവാവിനില്ലാത്തതിനാൽ ലിവ് ഇന്‍ ബന്ധം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.










0 comments