print edition ട്രെയിൻ അപകടങ്ങൾ; യഥാർഥ കണക്ക് മറച്ചുവച്ച് റെയിൽവേ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റെയിൽവേയിൽ തീപിടിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് എൻജിൻ ഡ്രൈവർമാർ ( ലോക്കോ പൈലറ്റ്), ഗാർഡുമാർ, ടിക്കറ്റ് പരിശോധകർ, സ്‌റ്റേഷൻ മാസ്‌റ്റർ തുടങ്ങിയവർക്കുള്ള പരിശീലനം വർധിപ്പിച്ചിരിക്കുകയാണ്.
അപകടങ്ങൾ സംബന്ധിച്ച യഥാർഥ കണക്കല്ല അധികൃതർ ഒൗദ്യോഗികമായി നൽകുന്നതെന്ന് വകുപ്പ് ജീവനക്കാർ പറഞ്ഞു. ഞായറാഴ്‌ച രാജസ്ഥാനിൽ തിരുവനന്തപുരം –ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസിന്റെ കോച്ചുകൾക്ക് തീപിടിച്ചിരുന്നു. അപ്പോഴും യാത്രക്കാർക്ക് പരിക്കേറ്റില്ലെന്ന വാദമാണ് റെയിൽവേ അധികൃതരുടേത്. എന്നാൽ ബി 1 കോച്ചിലെ ലഗേജുകൾ മുഴുവൻ കത്തിനശിച്ചു.
പുതിയതായി വരുന്ന ട്രെയിനുകളിലെ എസി കോച്ചിൽ മാത്രമാണ് സെൻസറുകളുള്ളത്. അത്തരം ട്രെയിനുകളിൽ തീപിടിത്തമുണ്ടായാൽ ലോക്കോ പൈലറ്റുമാർക്ക് വിവരം ലഭിക്കും. തുടർന്ന് ട്രെയിൻ നിർത്തും. എന്നാൽ രാജ്യത്തെ പതിനായിരത്തിൽ അധികം യാത്രാവണ്ടികളിൽ സെൻസർ സംവിധാനമില്ല.
2024 ഒക്ടോബർ 11-ന് രാത്രി ചെന്നൈയ്‌ക്ക് സമീപം മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ നിർത്തിയിട്ട ചരക്ക്‌ട്രെയിനിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടത്തിൽ 13 കോച്ചുകൾ പാളം തെറ്റി. രണ്ട് കോച്ചുകൾക്ക് തീപിടിച്ചു.
അന്നത്തെ അന്വേഷണ റിപ്പോർട്ടിൽ ട്രാക്ക് പരിപാലനം, സിഗ്‌നലിങ് വിഭാഗം എന്നിവയിൽ കരാർ നൽകരുതെന്ന് റെയിൽവേ ബോർഡിന് ശുപാർശ ചെയ്‌തിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ എല്ലാമേഖലയിലേക്കും കരാർവൽക്കരണം ശക്തമായി നടപ്പാക്കുകയാണ്. ട്രെയിനുകളിലെ ഇലക്‌ട്രിക്കൽ, എസി അറ്റകുറ്റപ്പണി രണ്ടുമാസം മുന്പാണ് സ്വകാര്യ ഏജൻസിക്ക് നൽകിയത്.
2024-–25 സാമ്പത്തിക വർഷത്തിൽ 31 അപകടങ്ങളാണ് റെയിൽവേ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്‌തത്.
അതിൽ 24 എണ്ണം പാളം തെറ്റലും 3 എണ്ണം കൂട്ടിയിടിയും 3 എണ്ണം തീപിടിത്തവുമായിരുന്നു. 2025–-26 വർഷത്തിൽ 15 അപകടങ്ങളുണ്ടായി. 2014 –- 2024 കാലയളവിൽ അപകടങ്ങളിൽ 748 പേർ മരിച്ചു. 2087 പേർക്ക് പരിക്കേറ്റു. 2024–-25 വർഷത്തിൽ 18 പേർക്ക് ജീവൻ നഷ്ടമായി. 92 പേർക്ക് പരിക്കേറ്റു. 2025–-26 വർഷത്തിൽ 16 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു.










0 comments