ad
Deshabhimani

തുടർച്ചയായ ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സാധ്യത; സാമൂഹ്യവിരുദ്ധരുടെ പങ്കുണ്ടെന്ന് റെയിൽവേ

Train Fire

ബിഹാറിലുണ്ടായ തീപിടുത്തത്തിൽ പൂർണമായി തകർന്ന ട്രെയിൻ

വെബ് ഡെസ്ക്

Published on May 20, 2026, 01:43 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് അടുത്തടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ കടുത്ത അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് തീയിട്ട സംഭവങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധ ശക്തികളുടെ പങ്കുണ്ടെന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ.


യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഇത്തരം അട്ടിമറി ശ്രമങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി ഓടിക്കൊണ്ടിരുന്ന ട്രെയിനുകളുടെ കോച്ചുകളിലാണ് ദുരൂഹമായ സാഹചര്യത്തിൽ തീപിടുത്തമുണ്ടായത്.


അപകടങ്ങളിൽ ആളപായം ഒഴിവായെങ്കിലും റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളിലെ വലിയ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സാധാരണ ഗതിയിലുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ അല്ല ഈ അപകടങ്ങൾക്ക് കാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.


കോച്ചുകൾക്കുള്ളിൽ ബോധപൂർവ്വം തീപിടുത്തം ഉണ്ടാക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ചതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്താനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.


സംഭവത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിലും യാർഡുകളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്. ട്രെയിനുകളിൽ ആർപിഎഫിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണം ശക്തമാക്കാൻ റെയിൽവേ ബോർഡ് കർശന നിർദ്ദേശം നൽകി.


യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന ഇത്തരം അട്ടിമറി നീക്കങ്ങൾക്ക് പിന്നിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് റെയിൽവേ വക്താവ് അറിയിച്ചു.


കോർപ്പറേറ്റ് വൽക്കരണത്തിന്റെ ഭാഗമായി റെയിൽവേയിൽ സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതാണ് ഇത്തരം സാമൂഹ്യവിരുദ്ധർക്ക് താവളമൊരുക്കുന്നതെന്ന കടുത്ത വിമർശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home