കേരളത്തിന് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടില്ല; വ്യക്തത നൽകാതെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിന് അതിവേഗ റെയിൽ പദ്ധതി അനുവദിച്ചെന്ന പ്രചാരണങ്ങളിൽ വ്യക്തത നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബജറ്റ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ അതിവേഗ പാതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറിയത്.
മെട്രോമാൻ ഇ ശ്രീധരന്റെ ശ്രമങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്ന് ആവർത്തിച്ച മന്ത്രി, പദ്ധതി എന്ന് യാഥാർത്ഥ്യമാകുമെന്നോ സാമ്പത്തിക സഹായം നൽകുമെന്നോ വ്യക്തമാക്കാൻ തയ്യാറായില്ല. കേന്ദ്ര ബജറ്റിൽ രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിൽ കേരളം ഇടംപിടിച്ചിരുന്നില്ല.
ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഭാവിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും അതിവേഗ റെയിൽ ലഭിക്കുമെന്ന പൊതുവായ മറുപടിയാണ് മന്ത്രി നൽകിയത്. കേരളത്തിനായി പ്രത്യേക പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.
ഇ ശ്രീധരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയ്ക്കായി പൊന്നാനിയിൽ ഓഫീസ് തുറന്ന് ഡിപിആർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇതെന്നാണ് ശ്രീധരൻ അവകാശപ്പെടുന്നത്.
എന്നാൽ, ഔദ്യോഗികമായ ഉത്തരവുകളോ ഫണ്ട് വകയിരുത്തലോ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ബജറ്റിൽ കേരളത്തിന് 3,795 കോടി രൂപ റെയിൽവേ വിഹിതമായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചതായും ശബരി പാതയുടെ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. എറണാകുളം-ഷൊർണൂർ മൂന്നാം പാത, മംഗലാപുരം-ഷൊർണൂർ നാലാം പാത എന്നിവയുടെ ഡിപിആർ നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments