ആർഎസ്എസിന്റെ വളർച്ചയ്ക്ക് സഹായിച്ചത് കോൺഗ്രസ്; രാഹുൽ സ്വന്തം വില കളയരുത്: ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: സിപിഐ എമ്മിനെയും ആർഎസ്എസിനെയും താരതമ്യപ്പെടുത്തിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. മതനിരപേക്ഷ കക്ഷികൾ ഒന്നിച്ച് അണിനിരക്കുന്ന സമയത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ഇതുപോലൊരു പ്രസ്താവന നടത്താൻ എങ്ങനെയാണ് കഴിയുന്നത്. കേരളത്തിലെ കോൺഗ്രസ് പാർക്ക് രാഹുലിനെ സിപിഐ എം വിരുദ്ധനാക്കി ചിത്രീകരിക്കണം. രാഹുലിനെ ഇതുപോലെ ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിടാൻ എന്തിനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
വിലകുറഞ്ഞ പ്രസ്താവനകൾ നടത്തി രാഹുൽ സ്വന്തം വില കളയരുത്. തനിക്ക് വ്യക്തമായ ദാർശനിക ആശയതലം നൽകുന്നതിന് സീതാറാം യെച്ചൂരിയുടെ സംഭാവനകൾ നിസ്തൂലമാണെന്ന് രാഹുൽ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. ആർഎസ്എസിനെ അനുകരിച്ച് പൂണൂലിട്ട ബ്രാഹ്മണനാണ് താനെന്ന് പറഞ്ഞുനടന്ന കാലം രാഹുൽഗാന്ധിക്കുണ്ടായിരുന്നു. ആ കാലഘട്ടത്തിൽനിന്ന് ശക്തനായ മതനിരപേക്ഷ പോരാളിയാക്കി മാറ്റുന്നതിന് യെച്ചൂരിയെ പോലുള്ളവരുടെ സാന്നിധ്യം സഹായിച്ചുണ്ടാകാം.
2004ൽ ഇടതുപക്ഷമാണ് ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മൻമോഹൻ സിങ് സർക്കാരിന് പിന്തുണ നൽകിയത്. അതുപോലൊരു ത്യാഗം എപ്പോഴെങ്കിലും കോൺഗ്രസ് ചെയ്തിട്ടുണ്ടോ. ആർഎസ്എസിന്റെ വളർച്ചയ്ക്ക് വേണ്ടി സഹായകരമായ നിലപാടെടുത്തവരാണ് കോൺഗ്രസുകാർ. ബാബരി മസ്ജിദ് തകർന്നപ്പോൾ അതിൻ്റെ ക്രെഡിറ്റെടുത്തവരാണ് കോൺഗ്രസ് പാർടിയെന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി പ്രസംഗം, രാഹുൽ സിപിഎം, സിപിഐ എം ബിജെപി, കോൺഗ്രസ് ആർഎസ്എസ്, ബാബരി മസ്ജിദ്









0 comments