ad
Deshabhimani

വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ; വീണ്ടും ചർച്ച? നിയസഭാകക്ഷി യോ​ഗം വൈകിയേക്കും

K C venugopal Rahul Gandhi

കെ സി വേണു​ഗോപാൽ, രാഹുൽ ​ഗാന്ധി

വെബ് ഡെസ്ക്

Published on May 14, 2026, 09:49 AM | 2 min read

ന്യൂഡൽഹി: കോൺ​ഗ്രസിലെ മുഖ്യമന്ത്രിത്തല്ലിൽ തീരുമാനമെടുക്കാനാകാതെ കുഴഞ്ഞ് ദേശീയ നേതൃത്വം. ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രി ആരാണെന്നത് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നുമായിരുന്നു എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്‌ പറഞ്ഞത്. എന്നാൽ, എഐസിസി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിടിവലിയിൽ മുൻപന്തിയിലുമുള്ള കെ സി വേണു​ഗോപാലുമായി രാഹുൽ ​ഗാന്ധി വ്യാഴം രാവിലെ കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലേക്ക് വേണു​ഗോപാലിനെ വിളിപ്പിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. വേണു​ഗോപാലുമായി നിർണായക ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.


എഐസിസിയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് നാല് മണിയോടെയാകും തിരുവനന്തപുരത്ത് എത്തുക. അങ്ങനെയെങ്കിൽ വ്യാഴം പകൽ ഒന്നിന്‌ തിരുവനന്തപുരത്ത് ചേരുമെന്ന് നിശ്ചയിച്ച കോൺഗ്രസ്‌ നിയമസഭാകക്ഷി യോഗം വൈകാൻ സാധ്യതയുണ്ട്. ചാർട്ടേർഡ് ഫ്ലൈറ്റിൽ എഐസിസി നിരീക്ഷകർക്കൊപ്പും വേണു​ഗോപാലും കേരളത്തിലേക്ക് വന്നേക്കും.


തെരഞ്ഞെടുപ്പ്‌ നടന്ന നാലിടങ്ങളിലും പുതിയ സർക്കാർ അധികാരമേറ്റിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാത്തത്‌ ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്‌ നാണക്കേടായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കോൺ​ഗ്രസിലെ മൂന്ന് ​ഗ്രൂപ്പുകളും അവസാനനിമിഷവും സമ്മർദം ശക്തമാക്കിയിട്ടുണ്ട്. എംഎൽഎമാരുടെ വലിയ പിന്തുണയാണ് കെ സി വേണു​ഗോപാലിന് സാധ്യത നൽകുന്നത്. രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അടുത്ത ബന്ധവും തുണയാകുമെന്ന് കരുതുന്നു. ഹൈക്കമാൻഡ് മുദ്രവെച്ച കവറിൽ എഴുതിയപേര് വേണു​ഗോപാലിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അനുയായികൾ.


എന്നാൽ ഘടകകക്ഷികൾ ചെലുത്തിയ സമ്മർദം ഫലം കണ്ടെന്നാണ് വി ഡി സതീശന്റെ അനുയായികളുടെ പ്രതികരണം. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ്‌ തത്വത്തിൽ ധാരണയായെങ്കിലും സതീശന്‌ വേണ്ടിയുള്ള മുസ്ലിംലീഗിന്റെ കടുത്ത സമ്മർദം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ബുധനാഴ്‌ച രാവിലെ കോൺഗ്രസ്‌ നേതൃത്വം ലീഗ്‌ നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട്‌ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ലീഗ്‌ ഉറച്ചുനിന്നു. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ ഒരു ഘടകകക്ഷിയുടെ വലിയ പ്രതിഷേധത്തിന്‌ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൂടി ലഭിച്ചതോടെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ ആശയക്കുഴപ്പത്തിലായി. ആലുവയിലെ വീട്ടിൽനിന്ന് സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.


വലിയ പൊട്ടിത്തെറി ഒഴിവാക്കാൻ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുമെന്ന് കരുതുന്നവരുമുണ്ട്. ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ തുടരുകയാണ്. മുതിർന്ന നേതാവെന്ന‌ പരി​ഗണനയും അനുഭവപരിചയും ചെന്നിത്തലയ്ക്ക് തുണയാകുമെന്ന് അണികൾ വിശ്വസിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home