print edition രാഹുൽ വീണ്ടും വിദേശത്ത്: കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ഫ്രീസറിൽ

രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് അവധിനൽകി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രയിൽ. എവിടേയ്ക്കാണ് പോയെതന്ന് വെളിപ്പെടുത്താൻ കോൺഗ്രസ് തയ്യാറായിട്ടില്ല. അയോധ്യ ക്ഷേത്രക്കൊള്ളയടക്കമുള്ള വിഷയങ്ങളിൽ ബിജെപി പ്രതിരോധത്തിലായപ്പോഴാണ് വിദേശയാത്ര. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ സഭയിലുണ്ടാകുമോ എന്നതിനും വ്യക്തതയില്ല. നീറ്റ് തട്ടിപ്പിനെതിരെ പ്രഖ്യാപിച്ച പ്രക്ഷോഭവും ഫ്രീസറിലാക്കി.
ഒരുമാസം മുന്പ് പ്രഖ്യാപിച്ച ‘വിദ്യാർഥികളുടെ ശബ്‌ദം’ പ്രതിഷേധറാലി 11ന് അലഹബാദിലും 14ന് പട്‌നയിലും നടക്കേണ്ടതായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ മാത്രമാണ് റാലിക്കായി രാഹുൽ എത്തിയത്. അന്ന് പങ്കാളിത്തവും പ്രതീക്ഷിച്ച തോതിലുണ്ടായില്ല. റാലികൾക്ക് തയ്യാറാറെടുത്ത എൻഎസ്‌യുഐ, യൂത്ത്‌കോൺഗ്രസ് സംഘടനകളും ത്രിശങ്കുവിലാണ്. രാഹുൽ എന്ന് തിരികെവരുമെന്ന് വ്യക്തതയില്ലാത്തതിനാൽ പുതുക്കിയ തീയതി പ്രഖ്യാപിക്കാനായില്ല.
നീറ്റ് തട്ടിപ്പിൽ 20ന് കോക്രോച്ച് ജനത പാർടി പാർലമെന്റ് മാർച്ച് നടത്തുന്നുണ്ട്. വനിത സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വനിത സംഘടനകളും അന്നുമുതൽ പ്രക്ഷോഭം ആരംഭിക്കും. പരീക്ഷാ തട്ടിപ്പുകളിൽ വിദ്യാർഥികളും രംഗത്തുണ്ട്. പ്രതിഷേധങ്ങളെ പാർലമെന്റിൽ ഏകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ ആയുധമാക്കേണ്ട രാഹുൽ ഗാന്ധിയാണ് പൊടുന്നനെ അപ്രത്യക്ഷനായത്.










0 comments