പഞ്ചാബിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു; മുൻ വൈരാഗ്യമെന്ന് പൊലീസ്

ഖാര സ്വദേശികളായ പൽവിന്ദർ സിങ്, സുഹൃത്ത് ബൽവിന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്
ചണ്ഡിഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് രണ്ട് പേരെ മർദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ്. പഖൂപ്പൂർ ഗ്രാമത്തിലാണ് സംഭവം.
ഖാര സ്വദേശികളായ പൽവിന്ദർ സിങ്, സുഹൃത്ത് ബൽവിന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബാ ബുദ്ധ സാഹിബിലെ ജോഡ് മേളയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് കുടുംബങ്ങൾ പറഞ്ഞു.
പഖൂപ്പൂർ ഗ്രാമത്തിലെ ചിലർ വിളിച്ചതിനെ തുടർന്ന് ഇരുവരും ഒരു വീട്ടിലെത്തിയെന്നും അവിടെ വെച്ച് ക്രൂരമായി മർദിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബങ്ങളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു.
അതിനിടെ, ചൊവ്വാഴ്ച തർൺ തരൺ ജില്ലയിൽ തന്നെ ടൂട്ട് എന്ന ഗ്രാമത്തിൽ അശ്വനി ദേവ്ഗൻ എന്ന വ്യക്തിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ മൂന്ന് അക്രമികൾ നിരവധി തവണ വെടിയുതിർത്തതായാണ് പൊലീസ് പറയുന്നത്.
ലുധിയാനയിലെ മന്നേവാൾ ഗ്രാമത്തിൽ 55 കാരനും ശനിയാഴ്ച ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്ക ഉയർത്തി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി.









0 comments