മോഡിഫിക്കേഷനിൽ വിസ്‌മയമില്ല; വാഹനപ്രേമികളെ വഞ്ചിച്ച് പുതിയ ഉത്തരവ്

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ പുതിയ വിസ്‌മയങ്ങൾക്ക് കാത്തിരുന്ന വാഹനപ്രേമികളെ വി ഡി സതീശൻ സർക്കാർ വീണ്ടും വഞ്ചിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എല്ലാവിധ മോഡിഫിക്കേഷനും അനുവദിക്കുമെന്ന് പറഞ്ഞ് മോഹിപ്പിച്ച മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് പറ്റിച്ചതാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. വാഹന മോഡിഫിക്കേഷന് അനുമതി നല്‍കിയെന്ന പേരിൽ ബുധനാഴ്‌ച ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് വഞ്ചനയുടെ നേർചിത്രമായി. വാഹനങ്ങളില്‍ ഏഴ് തരം രൂപമാറ്റം അംഗീകരിക്കാമെന്നാണ് ഗതാഗത കമ്മീഷണറുടെ പേരിലുള്ള ഉത്തരവിലുള്ളത്. എന്നാൽ, ഇൗ ഏഴ് മാറ്റങ്ങളും പൂർണമായും നിലവിലെ നിയമങ്ങൾ പ്രകാരം ചെയ്‌തു കൊണ്ടിരിക്കുന്നതു തന്നെയാണ്. കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്നതിനപ്പുറം ഒരു മോഡിഫിക്കേഷനും പുതുതായി അനുവദിച്ചിട്ടില്ല. അക്കാര്യം ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
സർക്കാർ അധികാരമേറിയയുടൻ 18 മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പറഞ്ഞ് ഇറക്കിയ ഉത്തരവും തട്ടിപ്പായിരുന്നു. അന്ന് അലോയ് വീൽ, സ്‌റ്റിക്കർ, സൺ ഫിലിം തുടങ്ങിയ നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു പുതുതായി അനുവദിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഇറങ്ങിയ ഉത്തരവിൽ വാഹനങ്ങളുടെ നിറം മാറ്റാം, വാഹനങ്ങളില്‍ എന്‍ജിന്‍ ടൈപ്പ് മാറ്റാം, വാഹനത്തിന്റെ ചേസില്‍ മാറ്റമോ വരുത്താം, വാഹനത്തിന്റെ ബോഡി സ്ട്രക്‌ച്ചർ മാറ്റാം, ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളായാലും അതിന്റെ ഇന്ധനം സിഎന്‍ജിയിലേക്ക് മാറ്റാം, ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അനുവദിച്ചതായി പറയുന്നത്. എന്നാൽ, ഇതെല്ലാം നിലവിൽ കേന്ദ്ര നിയമം അനുസരിച്ച് നടത്തുന്ന മാറ്റങ്ങൾ തന്നെയാണ്. എല്ലാ മാറ്റങ്ങളും ആർസിയിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിറം മാറ്റം നിലവിൽ അനുവദനീയമാണ്. റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആര്‍സിയില്‍ രേഖപ്പെടുത്തി മാത്രമേ നിറം മാറ്റാവൂ. പുതിയ നിറം സി.എം.വി.ആര്‍. ചട്ടം 121 പ്രകാരമോ അതത് സമയത്തെ എസ്ടിഎ തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല എന്നും ഉത്തരവിൽ പറയുന്നു. ഇത് നിലവിലുള്ള വ്യവസ്ഥ തന്നെയാണ്. വാഹനത്തില്‍ ഉപയോഗിച്ച അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ മാറ്റിവയ്ക്കാം എന്നു പറയുന്നതും നിലവിൽ സാധ്യമാണ്. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല എന്നെല്ലാം ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.
നിലവിലെ ചേസിനു പകരം അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും ചേസ് മാറ്റിവയ്ക്കാമെന്ന് പറയുന്നതും പുതിയതല്ല. ഒരു തരം വാഹനത്തിനായി നിര്‍മ്മിച്ച ഷാസി മറ്റൊരു തരം വാഹനത്തിനായി മാറ്റിയെടുക്കാന്‍ പാടില്ലെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ബോഡി ഘടനയില്‍ മാറ്റം വരുത്താമെന്നു പറയുന്നതും തട്ടിപ്പാണ്. സി.എം.വി.ആര്‍. ചട്ടം 112 കര്‍ശനമായി പാലിച്ചു മാത്രമേ ഇൗ മാറ്റം വരുത്താവൂ എന്ന നിബന്ധന വെച്ചിട്ടുണ്ട്. നിലവിലും അങ്ങനെ തന്നെയാണ്.
അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റാൻ അനുവദിക്കുന്നത് പുതിയ മാറ്റമല്ല. ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന കമ്പനി ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്‌ഷോപ്പ്, അംഗീകരിച്ച സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ ഇന്ധനം മാറ്റാവൂ എന്ന് നിലവിൽ നിബന്ധനയുള്ളതാണ്. അംഗീകൃത കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാമെന്ന് പറയുന്നുവെങ്കിലും അനുബന്ധമായി എല്ലാ പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.
ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത് നിലവിൽ നടക്കുന്ന കാര്യം തന്നെയാണ്. ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന നിര്‍മ്മാതാവിന്റെ ഡീലര്‍, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്ഷോപ്പ് അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ എന്നു പറയുന്നു. ഫലത്തിൽ വാഹനപ്രേമികളുടെ കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംവിഡി നൽകിയ റിപ്പോർട്ട് പ്രകാരം എന്ന നിലയിൽ ഉത്തരവ്. വാഹനപ്രേമികൾ ആഗ്രഹിക്കുന്ന മോഡിഫിക്കേഷനുകൾ പലതും നടപ്പാക്കാൻ കഴിയാത്തതാണ്. ഉയർന്ന ശബ്‌ദവും കടുത്ത ലൈറ്റുകളും സുരക്ഷയെ ബാധിക്കുന്ന തരം രൂപമാറ്റവുമാണ് പലരും മോഡിഫിക്കേഷന്റെ പേരിൽ അനധികൃതമായി ചെയ്യുന്നത്. അതിന് നിയമപരിരക്ഷ നൽകുക സാധ്യമല്ല.








0 comments