ഗ്യാനേഷിന്റെ രാജിക്കായി പ്രതിപക്ഷം വീണ്ടും സമരമുഖത്ത്; എംപിമാരുടെ ബസുകൾ ജന്തർമന്തറിലേക്ക്

പ്രതിപക്ഷ എംപിമാർ ബസുകളിൽ ജന്തർ മന്തറിലേക്ക് പോകുന്നു
ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെ കശാപ്പുചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കടുക്കുന്നു. പ്രതിപക്ഷ എംപിമാർ ബസുകളിൽ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതിഷേധം അടിച്ചമർത്തുന്നതിനായി വൻ പൊലീസ് സേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിരിക്കുന്നത്. ഐടിബിപിയെയും ആർഎഎഫിനെയും ഉപയോഗിച്ച് എംപിമാരെ തടയാനാണ് നീക്കം.
ജന്തർമന്തറിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. പൊലീസ് വിന്യാസത്തെ മറികടന്ന് സമരസ്ഥലത്ത് എത്തുമെന്ന് എംപിമാർ പ്രഖ്യാപിച്ചു. ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, പി സന്തോഷ്കുമാര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ബസുകളിലുണ്ട്.
ഗ്യാനേഷിന്റെ രാജിയില്ലാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് പ്രതിപക്ഷനിലപാട്. കഴിഞ്ഞദിവസം നടന്ന എംപിമാരുടെ സമരത്തിനെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്.








0 comments