കോസ്റ്റ്യൂമിലൂടെ കഥപറയാം; 'ഓം ശാന്തി ഓശാന' മുതൽ 'സിഗ്മ' വരെ ദൂരമേറെ


അമ്പിളി ചന്ദ്രമോഹനൻ
Published on Oct 07, 2026, 06:14 PM | 5 min read
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമായി കോസ്റ്റ്യൂം ഡിസൈനിങ്ങിൽ തന്റേതായ ഇടം കണ്ടെത്തിയ അക്ഷയ പ്രേംനാഥ്. വൺ, ഭ്രമം, ഹോം, മഹാവീർ കർണ്ണ, ജേസൺ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മ, സുനിൽ എബ്രഹാം സംവിധാനം ചെയ്ത ദി തേർഡ് മർഡർ തുടങ്ങിയ ചിത്രങ്ങളിൽ അക്ഷയ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു. ഒരേ കാലയളവിൽ പ്രവർത്തിച്ച രണ്ട് ചിത്രങ്ങൾ ഒരേ സമയത്ത് തിയറ്ററുകളിലെത്തിയതിന്റെ അനുഭവം മുതൽ ഓരോ കഥാപാത്രത്തിന്റെയും ലുക്ക് രൂപപ്പെടുത്തുന്നതിന് പിന്നിലെ ഗവേഷണവും തയ്യാറെടുപ്പുകളും വരെയുള്ള കോസ്റ്റ്യൂം ഡിസൈനിങ്ങിലെ വിശേഷങ്ങൾ അക്ഷയ പ്രേംനാഥ് ദേശാഭിമാനിയുമായി പങ്കുവയ്ക്കുന്നു.
ഒരു കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ കാണുന്നു എന്നതിൽ വസ്ത്രത്തിനും മറ്റ് ഡീറ്റെയിലിങ്ങുകൾക്കും വലിയ പങ്കുണ്ട്. വസ്ത്രത്തിന്റെ നിറം, തുണിത്തരം, ഡിസൈൻ തുടങ്ങി ഓരോ ഘടകവും കഥാപാത്രത്തിന്റെ സ്വഭാവത്തെയും സിനിമയുടെ കാലഘട്ടത്തെയും കഥയുടെ ടോണിനെയും അടയാളപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കോസ്റ്റ്യൂം ഡിസൈനിങ് ഒരു കഥാപാത്രത്തിന്റെ രൂപം ഒരുക്കുന്നതിലുപരി, ആ കഥാപാത്രത്തെ പൂർണതയിലെത്തിക്കുന്ന പ്രക്രിയ കൂടിയാണ്.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമായി കോസ്റ്റ്യൂം ഡിസൈനിങ്ങിൽ തന്റേതായ ഇടം കണ്ടെത്തിയയാളാണ് അക്ഷയ പ്രേംനാഥ്. ഓം ശാന്തി ഓശാനയിലെ നീതു എന്ന കഥാപാത്രത്തിലൂടെ അഭിനേത്രിയായും അക്ഷയ മലയാളികൾക്ക് പരിചിതയാണ്. പിന്നീട് എൻജിനീയറിങ്ങിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിലേക്കും അവിടെ നിന്ന് സിനിമയിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്കുമായിരുന്നു അക്ഷയയുടെ യാത്ര.
ഓം ശാന്തി ഓശാനയിലേക്ക്
കൊച്ചിയിൽ എൻജിനീയറിങ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓം ശാന്തി ഓശാനയിലേക്ക് ഓഡിഷന് ഫോട്ടോ അയയ്ക്കുന്നത്. അത് കണ്ട് അവർ എന്നെ സെലക്ട് ചെയ്തതായി അറിയിച്ചു. അന്ന് അഭിനയത്തിൽ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അമ്മ നിർബന്ധിച്ചു. ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് അത് വിട്ടുകളയേണ്ടതില്ലെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് ഓം ശാന്തി ഓശാനയിലേക്ക് എത്തുന്നത്.
എന്നാൽ ആ സിനിമ എനിക്ക് അഭിനയത്തിലേക്കുള്ള അവസരം മാത്രമായിരുന്നില്ല. സിനിമയെ അടുത്തറിയാനും പഠിക്കാനുമുള്ള ഒരു വാതിൽ കൂടിയായിരുന്നു അത്. പ്രത്യേകിച്ച് കോസ്റ്റ്യൂം ഡിസൈനിങ്ങിന്റെയും അതിന്റെ മാനേജ്മെന്റിന്റെയും ആദ്യപാഠങ്ങൾ അവിടെ നിന്നാണ് ലഭിച്ചത്.
എൻജിനീയറിൽ നിന്ന് കോസ്റ്റ്യൂം ഡിസൈനറിലേക്ക്
ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് പിന്നീട് കുറച്ചുകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നത്. അമ്മ കമ്പ്യൂട്ടർ അധ്യാപികയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിച്ചു. എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് തിരിച്ചെത്തണമെന്നായിരുന്നു ആഗ്രഹം.
ഫാഷൻ ഡിസൈനിങ്ങിനോട് താൽപര്യമുണ്ടായിരുന്നതിനാൽ എൻട്രൻസ് പരീക്ഷ എഴുതി. പ്രവേശനം ലഭിച്ചതോടെ NIFT-ൽ പഠിക്കാൻ തീരുമാനിച്ചു. അവിടെ നിന്ന് മാസ്റ്റർ ഇൻ ഫാഷൻ ടെക്നോളജി പൂർത്തിയാക്കി.
പഠനകാലത്ത് കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസിനൊപ്പം ആറുമാസത്തെ റിസർച്ച് പ്രോജക്ട് ചെയ്തു. സിനിമയ്ക്കായി നിർമിക്കുന്ന കോസ്റ്റ്യൂമുകൾ എങ്ങനെ പുനരുപയോഗിക്കാം എന്നതായിരുന്നു പഠനവിഷയം. സിനിമയും ഫാഷനും ഒരുമിച്ചുള്ള ആ അനുഭവം കോസ്റ്റ്യൂം ഡിസൈനിങ്ങിനെ കൂടുതൽ ഗൗരവത്തോടെ കാണാൻ സഹായിച്ചു.
നമ്പർ വൺ
കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ച ആദ്യ മലയാള ചിത്രമാണ് വൺ. അത്രയും വലിയ താരനിരയുള്ള സിനിമയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥനോട് സിനിമയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അവസരം നൽകുകയായിരുന്നു.
ഏകദേശം അമ്പതോളം പ്രധാന കഥാപാത്രങ്ങളുടെയും അനവധി ജൂനിയർ ആർടിസ്റ്റുകളുടേയും വസ്ത്രങ്ങളാണ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. സിനിമയിൽ ഭൂരിഭാഗം പേർക്കും വെള്ള വസ്ത്രങ്ങളായിരുന്നു. മുരളി ഗോപിയുടെ കഥാപാത്രത്തിന് ലോങ് കുർത്ത പാറ്റേൺ നൽകി. മറ്റുള്ളവർക്ക് ചെറിയ മാറ്റങ്ങളോടെയുള്ള വെള്ള ഷർട്ടും മുണ്ടുമാണ് ഒരുക്കിയത്.
എല്ലാവർക്കും ആവശ്യമായ കോസ്റ്റ്യൂം ചേഞ്ചുകൾ കൃത്യസമയത്ത് നൽകുക എന്നതായിരുന്നു ചിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. വലിയ ജനക്കൂട്ടമുള്ള സീനുകളും ചിത്രത്തിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റ് മാർച്ച് പോലുള്ള രംഗങ്ങളിൽ ജലപീരങ്കി പ്രയോഗിക്കുന്ന സീനുകളുമുണ്ട്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന ഇത്തരം രംഗങ്ങളിൽ റീടേക്ക് വന്നാൽ എല്ലാവർക്കും അടുത്ത ടേക്കിനുള്ള കോസ്റ്റ്യൂം മാറ്റം ആവശ്യമാണ്. അതിനായി എണ്ണമില്ലാത്തത്ര വെള്ള ഷർട്ടുകളും മുണ്ടുകളും മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്നു. മമ്മൂട്ടി, ജഗദീഷ്, മുരളി ഗോപി, സലിം കുമാർ തുടങ്ങി ഒന്നിച്ച് ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപാട് പേരും ആ ചിത്രത്തിലുണ്ടായിരുന്നു.
കഥാപാത്രങ്ങളുടെ ലുക്കിനൊപ്പം കഥയും
ഒരു കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് അഭിനയത്തിലൂടെ മാത്രമല്ല, ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും അതിനൊപ്പം ചേരുമ്പോഴാണ്. സംവിധായകൻ ഉദ്ദേശിച്ച അതേ രീതിയിൽ ഒരു കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറുടെ പ്രധാന ഉത്തരവാദിത്തം.
വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങൾ, പഴ്സ്, വാച്ച്, കുട തുടങ്ങിയ കഥാപാത്രത്തിന്റെ ലുക്കിന്റെ ഭാഗമായ എല്ലാ ഘടകങ്ങളും പരിഗണിക്കണം. ആദ്യം സിനിമയുടെ കഥയും കഥാപാത്രങ്ങളെയും മനസ്സിലാക്കും. പിന്നീട് സംവിധായകനുമായി ആശയങ്ങൾ പങ്കുവയ്ക്കും. കഥാപാത്രങ്ങളുടെ ലുക്കിനെക്കുറിച്ച് സ്കെച്ചുകൾ തയ്യാറാക്കിയ ശേഷമാണ് ഡിസൈനിങ്ങിലേക്ക് കടക്കുന്നത്.
ആവശ്യമെങ്കിൽ മേക്കപ്പ് ഉൾപ്പെടെയുള്ള മറ്റ് ഡിപ്പാർട്ട്മെന്റുകളുമായും ആശയങ്ങൾ പങ്കുവയ്ക്കും. വസ്ത്രം മാത്രം വേറിട്ടുനിൽക്കാതെ സിനിമയുടെ ടോണിനോടും കഥാപാത്രത്തോടും പൂർണമായി ചേർന്നുനിൽക്കുമ്പോഴാണ് ഒരു കോസ്റ്റ്യൂം ഡിസൈനറുടെ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു.
കളർ തിയറിയും കോസ്റ്റ്യൂമും
രവി കെ ചന്ദ്രൻ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ഭ്രമം കുറച്ചുകൂടി സ്റ്റൈലിഷ് കോസ്റ്റ്യൂമിങ് ചെയ്യാൻ അവസരം നൽകിയ ചിത്രമാണ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ വസ്ത്രങ്ങൾ വളരെ എക്സ്പെൻസീവ് ഒന്നുമല്ലെങ്കിലും അദ്ദേഹം അത് സ്വാഗോടെ ക്യാരി ചെയ്യുന്നത് ലുക്കിന്റെ പ്രധാന സവിശേഷതയായിരുന്നു.
ചിത്രത്തിൽ കളർ തിയറിയും ശ്രദ്ധാപൂർവം ഉപയോഗിച്ചിട്ടുണ്ട്. 'പർപ്പിൾ' നിറം മരണത്തിന്റെ സൂചനയായി ചിത്രത്തിലെ ഡെത്ത് സീക്വൻസുകളിലെ ആർട്ടിലോ കോസ്റ്റ്യൂമിലോ ബാഗിലോ ഒക്കെ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്.
റിയലിസ്റ്റിക് ഹോം
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം മറ്റൊരു മികച്ച അനുഭവമായിരുന്നു. വളരെ നാച്ചുറലായി തോന്നേണ്ട കഥാപാത്രങ്ങളായിരുന്നു ചിത്രത്തിലേത്. അതുകൊണ്ടുതന്നെ കോസ്റ്റ്യൂമുകളും സ്വാഭാവികമായി തോന്നുന്ന രീതിയിലാണ് ഒരുക്കിയത്. ഇന്ദ്രൻസ് ചേട്ടൻ, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ എന്നിവർക്ക് വളരെ നാച്ചുറൽ ആയ കോസ്റ്റ്യൂമുകളായിരുന്നു വേണ്ടത്.
ചിത്രത്തിന്റെ കളർ പാലറ്റും വളരെ ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്ക് പരിചിതവും ഇഷ്ടപ്പെടുന്നതുമായ, ഒരു ഫാമിലി മൂഡ് നൽകുന്ന നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. ഒരു കഥാപാത്രം പ്രേക്ഷകർക്ക് കണക്ട് ആകുന്നതിൽ കോസ്റ്റ്യൂമിനും വലിയ പങ്കുണ്ട്.
കസ്റ്റം മെയ്ഡ് വാച്ചും മാസ് ലുക്കും
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ വൈറലായ ഫസ്റ്റ് ലുക്ക് ഡിസൈൻ ചെയ്തത് ഞാനായിരുന്നു. 2020ൽ തയാറാക്കിയ ആ ലുക്കിൽ ലിനൻ ഷർട്ട്, ഡബിൾ ബട്ടൺ, ലെതർ ഫ്ലാപ്പ് ഡീറ്റെയിലിങ് എന്നിവയാണ് പ്രധാനമായും നൽകിയത്. ഹൈദരാബാദിൽ പോയി പ്രത്യേകം പറഞ്ഞ് നിർമിച്ച ആക്സസറീസും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
സംവിധായകന്റെ നിർദേശപ്രകാരം സിഗരറ്റ് കത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രത്യേക വാച്ചും സുരക്ഷ മുൻനിർത്തി കസ്റ്റം മെയ്ഡ് ആയി നിർമിച്ചെടുത്തു. ആ ചിത്രത്തിലെ കോസ്റ്റ്യൂമിൽ വലിയ പ്രതീക്ഷയുണ്ട്.
ലെതർ കോസ്റ്റ്യൂമിന്റെ പരീക്ഷണം
വിക്രം നായകനായ മഹാവീർ കർണ്ണ ആയിരുന്നു എന്റെ ആദ്യ പ്രോജക്ട്. അത് 2018ലായിരുന്നു. ചിത്രത്തിന്റെ പ്രോമോ ഷൂട്ടിനായി ഫുൾ ലെതറിൽ റബ്ബർ മോൾഡിങ് ഉപയോഗിച്ചാണ് കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തത്.
NIFT-ലെ ലെതർ ഡിസൈൻ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെയും പ്രത്യേക തൊഴിലാളികളെ കണ്ടെത്തിയും മൂന്ന് ഫിറ്റിങ്ങുകൾ റീവർക്ക് ചെയ്താണ് വിക്രമിന് കംഫർട്ടബിളായ ലെതർ കോസ്റ്റ്യൂം തയ്യാറാക്കിയത്. ഒരു കഥാപാത്രത്തിന്റെ ലുക്ക് മാത്രമല്ല, അത് ധരിക്കുന്ന അഭിനേതാവിന്റെ സൗകര്യവും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രോജക്ടിലൂടെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ അത് ഒരു പൂർണ ചിത്രമായി എത്തിയില്ല.
സിഗ്മയിലേക്ക്
നടൻ വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സിഗ്മ. ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ 2024 ഡിസംബറിലാണ് നടന്നത്. സഞ്ജയ് കഥ നരേറ്റ് ചെയ്ത് തന്നതനുസരിച്ച് കഥാപാത്രങ്ങളുടെ സ്കെച്ചുകൾ തയ്യാറാക്കുകയായിരുന്നു ആദ്യം. ആക്ഷൻ-അഡ്വഞ്ചർ ചിത്രമായതിനാൽ അതിന് അനുയോജ്യമായ തീമിലാണ് കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തത്.
കഥാപാത്രങ്ങൾക്കായി കൃത്യമായ ലുക്ക് ബുക്കുകളും സ്കെച്ചുകളും തയ്യാറാക്കുകയും അഭിനേതാക്കളെ ഉൾപ്പെടുത്തി ഫുൾ ട്രയൽ ഷൂട്ട് നടത്തുകയും ചെയ്തു. ആറ് ഫൈറ്റ് സീക്വൻസുകൾക്കായി ഒരേ കോസ്റ്റ്യൂമിന്റെ അഞ്ചോ ആറോ പെയറുകൾ വീതം നിർമിച്ചു. കളർ പാലറ്റുകൾ DOP-യുമായി ആലോചിച്ച് കൃത്യമായി ഉപയോഗിച്ചു.
സഞ്ജയ്ക്ക് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിന്റെയും അവതരണം എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ടുതന്നെ സമയമെടുത്ത് വിശദമായി ചെയ്യാൻ കഴിഞ്ഞ പ്രോജക്ടായിരുന്നു അത്.
ദി തേർഡ് മർഡർ
സുനിൽ എബ്രഹാം സംവിധാനം ചെയ്ത് ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ദി തേർഡ് മർഡർ. സൈജു കുറുപ്പും ഇന്ദ്രൻസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലർ ചിത്രമായ ദി തേർഡ് മർഡർ, സിഗ്മയിൽ നിന്ന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു.
ഇവിടെ കൂടുതൽ റിയലിസ്റ്റിക് ആയ ഡിസൈനിങ്ങാണ് ആവശ്യമായിരുന്നത്. കഥയ്ക്കും കഥാപാത്രങ്ങൾക്കും യോജിക്കുന്ന രീതിയിൽ കോസ്റ്റ്യൂമുകൾ ഒരുക്കി ആ സ്വാഭാവികത നിലനിർത്താനാണ് ശ്രമിച്ചത്. സിനിമയുടെ കഥയ്ക്കൊപ്പം കോസ്റ്റ്യൂമും ഇഴുകിച്ചേരണമെന്നതാണ് എപ്പോഴും ശ്രദ്ധിക്കാറുള്ളത്.
പുതിയ പ്രോജക്ടുകൾ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഡാർക്ക് ഷേഡുള്ള അണലി എന്ന വെബ് സീരീസാണ് ഇപ്പോൾ ചെയ്യുന്ന മറ്റൊരു പ്രോജക്ട്. അതിനായി അവിടുത്തെ പഴയ ആളുകളുടെ കുടുംബ ആൽബങ്ങൾ ശേഖരിച്ച് വിശദമായ റിസർച്ച് നടത്തിയ ശേഷമാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
കാപ്പി സ്ക്വാഡ് ആണ് മറ്റൊരു പ്രോജക്ട്. ഒരു കഫേ പശ്ചാത്തലത്തിൽ വളരെ കളർഫുൾ ആയി ഒരുക്കുന്ന സീരീസാണിത്. രണ്ട് പ്രോജക്ടുകളും പരസ്പരം വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ്മെന്റാണ് ആവശ്യപ്പെടുന്നത്.
ആഗ്രഹങ്ങൾ
അഭിനയവും കോസ്റ്റ്യൂം ഡിസൈനിങ്ങും ഒരുപോലെ കൊണ്ടുപോകണം. എക്കാലത്തും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം. രജിനികാന്തിനും വിജയിക്കുമൊപ്പം വർക്ക് ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. രജിനികാന്തിനെ സ്യൂട്ടുകളിലും ബ്ലേസറുകളിലുമൊക്കെ സ്റ്റൈൽ ചെയ്ത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ സ്വാഗിന് അനുയോജ്യമായ, ഏറ്റവും സിമ്പിളായ ഒരു ലുക്കിൽ അദ്ദേഹത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം.
അതോടൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും പീരിയഡ് സിനിമകളിലും പ്രവർത്തിക്കണമെന്നും ആഗ്രഹമുണ്ട്. ഓരോ സിനിമയും ഓരോ കഥാപാത്രവും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കഥകളും കാലഘട്ടങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുന്ന കൂടുതൽ സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം.









0 comments