Deshabhimani

ചിറാപുഞ്ചി മഴയും എൽനിനോ കൊണ്ടുപോയി; മേഘാലയയിൽ 60 ശതമാനം മഴ കുറ‍ഞ്ഞു

sohra
വെബ് ഡെസ്ക്

Published on Oct 07, 2026, 05:38 PM | 2 min read

ഷില്ലോങ്: ലോകത്തിലെ തന്നെ ഏറ്റവും അധികം മഴലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാമതാണ് ഇപ്പോഴും മേഘാലയയിലെ ചിറാപുഞ്ചി, മൗസിൻറാം പ്രദേശങ്ങൾ. ഏത് സീസണിലായാലും നേരത്തായാലും സന്ദര്‍ശകര്‍ക്ക് മഴ നനയാതെ പോരാനാവില്ല. പക്ഷേ എൽ നിനോ കലാവസ്ഥാ പ്രതിഭാസം ഇത്തവണ ഈ പ്രദേശങ്ങളെയും വരൾച്ചാ ഭീതിയിലാക്കി.


മേഘാലയ സംസ്ഥാനത്ത് 60 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയപ്പോൾ കിഴക്കൻ ഖാസി ഹിൽസ് മേഖലയിലെ പ്രദേശങ്ങളായ ചിറാപുഞ്ചിയിലും (സൊഹ്റ) മൗസിൻറാമിലും 25 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ പ്രകാരമാണിത്.


സൂപ്പര്‍ എൽ നിനോ പ്രതിഭാസം ഇനിയും രൂക്ഷമാവുമെന്നും മഴയുടെ കൂടായി അറിയപ്പെടുന്ന രണ്ടു മേഖലയെയും ബാധിക്കുമെന്നും പ്രവചനം തുടുരുന്നു. വരാനിരിക്കുന്ന റാബി വിളവെടുപ്പ് സീസൺ തന്നെയും ഇത് കുഴപ്പത്തിലാക്കും എന്നാണ് ആശങ്ക.


മാര്‍ച്ച് ഏപ്രിൽ മാസത്തിൽ ലഭിച്ച മഴയാണ് ഇത്തവണ അല്പമെങ്കിലും സംസ്ഥാനത്തെ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി കൊൺറാഡ് കെ സാങ്മ പറഞ്ഞു. എല്ലായിടത്തും വെയിൽ കനത്തപ്പോൾ ചിറാപുഞ്ചിയും മൗസിൻറാമും മഴയുടെ ആശ്വാസത്തിലായിരുന്നു. പക്ഷേ യഥാര്‍ത്ഥ മൺസൂണിൽ മഴ പിന്നോക്കം പോയി.


എൽ നിനോ വന്നിട്ടും

ഗിന്നസ് ബുക്കിൽ


അടുത്ത വര്‍ഷങ്ങളിലായി ചിറാപുഞ്ചിയെക്കാൾ മഴ ലഭിച്ചിരുന്നത് തൊട്ടടുത്ത് കിഴക്കൻ മേഖലയിലെ മൗസിൻറാമിലാണ്. ഇവിടെ പ്രതിവർഷം ശരാശരി 11,872 മില്ലീമീറ്റർ (1187.2 സെന്റിമീറ്റർ) മഴ ലഭിക്കുന്നു. നിലവിൽ ചിറാപുഞ്ചി രണ്ടാം സ്ഥാനത്താണ്. ശരാശരി വാർഷിക മഴ ഏകദേശം 11,777 മില്ലീമീറ്റർ ആണ്. മൗസിൻറാമിലാണ് മഴ കൂടുതൽ ലഭിച്ചിരുന്നത് എന്നും ചിറാപുഞ്ചിയുടെ പേരിൽ മഴയളവ് രേഖപ്പെടുത്തപ്പെടുത്തുകയായിരുന്നു എന്നും പറയുന്ന നാട്ടുകാരുണ്ട്. ഇപ്പോഴും മഴ നനയാൻ വരുന്നവര്‍ക്ക് ഒരിടത്ത് അനുഭവം ഉറപ്പാണ്.


കൊളംബിയയിലെ 'ലോപെസ് ഡെൽ മൈസി (López del Micay)', 'ലൊറോ (Lloró)' പ്രദേശങ്ങളാണ് ചിറാപുഞ്ചിക്കും മൗസിൻറാമിനും ഒപ്പം മഴയിൽ മത്സരിക്കാറുള്ള ലോകത്തിലെ പ്രസിദ്ധമായ പ്രദേശങ്ങൾ. എന്നാലും ഗിന്നസ് വേൾഡ് റെക്കോർഡ്സും വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷനും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാര്‍ഷിക ശരാശരി മഴയിലെ റെക്കോർഡ് മൗസിൻറാമിന്റെ പേരിൽ തുടരുകയാണ്.


ഒറ്റ മഴയിൽ ഇപ്പോഴും ചിറാപുഞ്ചി


ഒറ്റ വര്‍ഷത്തിൽ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയുടെ ബ്രിട്ടീഷ് കാലത്തെ റെക്കോര്‍ഡ് ഇപ്പോഴും ചിറാപുഞ്ചിയുടെ പേരിൽ ഭേദിക്കപ്പെടാതെ കിടപ്പുണ്ട്. 26,470 മി.മീ എന്ന അതിശയ മഴയുടെ കണക്കാണിത്. പിൽക്കാലത്ത് സൊഹ്റയുടെ റെക്കോര്‍ഡ് ഭേദിച്ച മൗസിൻറാമിന് ഈ ഒറ്റമഴ കണക്ക് മറികടക്കാൻ കഴിഞ്ഞിട്ടില്ല. അന്ന് രണ്ടിടത്തെയും ഒരുമിച്ചാണ് പരിഗണിച്ചിരുന്നത് എന്നും പറയുന്നു.


കേരളത്തിൽ ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ നേര്യമംഗലത്ത് ലഭിച്ച 5,883 മില്ലീമീറ്റർ (ഏകദേശം 588 സെന്റീമീറ്റർ) വര്‍ഷപാതമാണ് ഇപ്പോഴത്തെ ഉയര്‍ന്ന മഴ. പലവര്‍ഷങ്ങളിലും ദിവസേന ലഭിക്കുന്ന കനത്ത മഴയിലും സീസണിലെ തീവ്രമഴയിലും വയനാട്ടിലെ വൈത്തിരിയും മലപ്പുറത്തെ കരുവാരക്കുണ്ടും മുന്നിലെത്താറുണ്ട്. ഇവ ഔദ്യോഗികമായി വാർഷിക ശരാശരി മഴയുടെ റെക്കോർഡിൽ നേര്യമംഗലത്തിന് മുകളിലല്ല എന്നാണ് കണക്കുകൾ.

മഴയും പ്രകൃതിയും

ആശ്രയിച്ചു കഴിയുന്ന മനുഷ്യരും


മേഘാലയയിലെ മഴക്കുറവും പ്രകൃതിയിലെ മാറ്റങ്ങളും ഗോത്ര വിഭാഗങ്ങളെ പെട്ടെന്ന് ബാധിക്കും. ഇപ്പോഴും പൂര്‍ണമായും എന്നു പറയാവുന്ന വിധം വന വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന വിഭാഗങ്ങളുണ്ട്. സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് 17,000 ഉറവകൾ സംസ്ഥാനം കണ്ടെത്തിയിരുന്നു. വറ്റി വരളുന്ന പ്രദേശങ്ങളിൽ ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളും മുന്നേറുന്നു. ഉംഗി (Umngi), ഗാനോൾ (Ganol) നദികളുടെ വൃഷ്ടി പ്രദേശത്ത് 300 കോടിയുടെ ലോക ബാങ്ക സഹായത്തോടെയുള്ള പദ്ധതി നടക്കുന്നുണ്ട്.


വനവിഭങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നതിന് പകരം പ്രദേശിക സമുദായങ്ങളെയും പരമ്പരാഗത ഗോത്ര തലവൻമാരെയും ഉൾപ്പെടുത്തി തോട്ടവിളകളും വനവൽക്കരണവും പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാനം ഇപ്പോൾ. തോട്ടവിളകൾ കൂടുതലായി കടന്നു വരുന്നത് ആശങ്കയായി ഉന്നയിക്കുന്നവരും ഉണ്ട്. എല്ലാം എൽ നിനോയുടെ ചുമലിൽ ചാര്‍ത്തി ഒഴിയാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home