കൊടും ചൂട്, പഞ്ചാബിൽ ഓഫീസുകളും വിദ്യാലയങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാക്കി

ചണ്ഡീഗഢ്: പഞ്ചാബിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. മേയ് 25 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.
പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും, സേവന കേന്ദ്രങ്ങളും സർക്കാർ-എയ്ഡഡ്-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ആയിരിക്കും പ്രവർത്തിക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചാബിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 26 ന് നടക്കാനിരിക്കയാണ്. കോവിഡ് പ്രതിസന്ധിയും മറ്റ് ഭരണപരമായ കാരണങ്ങളും കൊണ്ട് നീണ്ടുപോയ മൊഹാലി, അമൃത്സർ, ലൂധിയാന, ജലന്ധർ തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകളിലെയും നഗരസഭകളിലെയും വാർഡ് തെരഞ്ഞെടുപ്പുകളാണ് ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വോട്ടർപട്ടിക പുതുക്കലും മറ്റ് ഒരുക്കങ്ങളും ജില്ലാ അടിസ്ഥാനത്തിൽ തുടരുകയാണ്.
ഉച്ചസമയത്തെ കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും എന്നാണ് വിശദീകരണം. രാവിലെ 7:30-ന് ഓഫീസിലെത്തി 1:30-ഓടെ മടങ്ങാൻ സാധിക്കുന്നത് വഴി ദിവസത്തിലെ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ഉച്ചസമയങ്ങളിൽ യാത്ര ചെയ്യുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിലും മാറ്റം
പഞ്ചാബ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില കുതിച്ചുയരുകയാണ്. രാജസ്ഥാനിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ എന്ന രീതിയിൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളുടെ സമയം പരമ്പരാഗതമായ 9 - 3 രീതിയിൽ നിന്നും രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ ആയി മാറ്റി. ഹരിയാനയിൽ മേയ് 25 മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകി സർക്കാർ ഉത്തരവിട്ടു. ഛത്തീസ്ഗഡിൽ ഏപ്രിൽ 20 മുതൽ ജൂൺ 15 വരെ വളരെ നീണ്ട അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, നോയിഡ, ഗാസിയാബാദ് തുടങ്ങിയ ജില്ലകളിൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ അധ്യായന സമയം രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ ആക്കി ചുരുക്കി.










0 comments