'അഴിമതിക്കാരനായ പ്രസിഡന്റ്, പാർട്ടിയെ വിറ്റുതുലച്ചു'; രാജാ വാറിംഗിനെതിരെ പ്രതിഷേധിച്ച് നവ്‌ജ്യോത് കൗർ സിദ്ധു കോൺഗ്രസ് വിട്ടു

ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവും മുൻ എംഎൽഎയുമായ നവ്‌ജ്യോത് കൗർ സിദ്ധു കോൺഗ്രസ് വിട്ടു. കോൺഗ്രസ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡന്റാണ് രാജാ വാറിംഗെന്ന് ആരോപിച്ചാണ് നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യ കൂടിയായ കൗർ പാർട്ടി വിട്ടത്.
മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി രൂപ നൽകണമെന്ന വിവാദ പരാമർശത്തെത്തുടർന്ന് കഴിഞ്ഞ മാസം കൗറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം അവർ പ്രഖ്യാപിച്ചത്. സ്വന്തം താല്പര്യങ്ങൾക്കായി രാജാ വാറിംഗ് പാർട്ടിയെ വിറ്റുവെന്നും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുമായി ചേർന്ന് കോൺഗ്രസിനെ തകർക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്നും കൗർ ആരോപിച്ചു. ജയിൽവാസം ഒഴിവാക്കാൻ മുഖ്യമന്ത്രിയുമായി രഹസ്യധാരണ ഉണ്ടാക്കിയ വാറിംഗ്, പാർട്ടിയെ വെറും കച്ചവടവസ്തുവാക്കി മാറ്റിയെന്ന് കൗർ എക്സിൽ കുറിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ നവ്‌ജ്യോത് സിങ് സിദ്ധുവിനെ തോൽപ്പിക്കാൻ അകാലിദൾ നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ചപ്പോൾ അവർക്കെതിരെ നടപടിയെടുക്കാതെ വലിയ പദവികൾ നൽകി ആദരിക്കുകയാണ് നേതൃത്വം ചെയ്തതെന്ന് കൗർ കുറ്റപ്പെടുത്തി. ഭാരത് ഭൂഷൺ ആശു, ചരൺജിത് സിംഗ് ചന്നി തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ വാറിംഗിന് ധൈര്യമില്ല. വാറിംഗിനെ രാഷ്ട്രീയമായി തകർക്കാനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും എന്നാൽ അർഹരായ നേതാക്കളെ കേൾക്കാത്ത പാർട്ടിയിൽ തുടരാൻ തനിക്ക് താല്പര്യമില്ലെന്നും അവർ വ്യക്തമാക്കി.
നേരത്തെ, 500 കോടിയുടെ സ്യൂട്ട്കേസ് നൽകുന്നവർക്ക് മാത്രമേ മുഖ്യമന്ത്രി പദം ലഭിക്കൂ എന്ന കൗറിന്റെ പ്രസ്താവന പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നവ്‌ജ്യോത് സിങ് സിദ്ധുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നും പഞ്ചാബിനെ സുവർണ്ണ സംസ്ഥാനമായി മാറ്റാൻ തങ്ങൾക്ക് സാധിക്കുമെന്നും അവർ അവകാശപ്പെട്ടിരുന്നു. 2012-ൽ ബിജെപി ടിക്കറ്റിൽ അമൃത്‌സർ ഈസ്റ്റിൽ നിന്ന് എംഎൽഎയായിരുന്ന കൗർ പിന്നീട് ഭർത്താവിനൊപ്പമാണ് കോൺഗ്രസിൽ ചേർന്നത്.










0 comments