പഞ്ചാബ് ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർ രാജിവെച്ചു

ചണ്ഡിഗഡ്: പഞ്ചാബിലെ ആംആദ്മി സർക്കാരിലെ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർ രാജിവെച്ചു. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിയോട് രാജി ആവശ്യപ്പെട്ടത്.
താൺ തരൺ ജില്ലയിലെ പറ്റി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഭുള്ളർ, അന്വേഷണം പൂർത്തിയാകുന്നത് വരെ താൻ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗഗൻദീപ് സിങ് വിഷം കഴിച്ച് ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത് സിങ്ങിനെ തനിക്ക് ഭയമാണെന്നും ഇനി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ ഗഗൻദീപ് പറയുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മന്ത്രിയുടെ സഹായിക്ക് ടെൻഡർ നൽകാൻ ഉദ്യോഗസ്ഥന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ബിക്രം സിങ് മജീതിയ ആരോപിച്ചു. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ മന്ത്രി നിർബന്ധിച്ചുവെന്നും നിയമപ്രകാരം ടെൻഡർ നൽകിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് ലാൽജിത് സിങ് ഭുള്ളറുടെ നിലപാട്.
തന്റെ പാർട്ടി എപ്പോഴും സത്യത്തോടൊപ്പമാണെന്നും ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ഭുള്ളർ സമൂഹമാധ്യമത്തിലൂടെ കുറിച്ചു. അന്വേഷണം തീരുന്നത് വരെ തന്റെ രാജി അംഗീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിട്ടുണ്ട്.










0 comments